നാളെ മുതൽ നീതി നൽകാനാവില്ല, പക്ഷേ സംതൃപ്തനാണ്; ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങി
ന്യൂഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങി. നാളെ മുതൽ തനിക്ക് നീതി നൽകാൻ സാധിക്കില്ല, പക്ഷേ സംതൃപ്തനാണെന്നും യാത്രയയപ്പ് യോഗത്തിൽ ചന്ദ്രചൂഡ് പറഞ്ഞു.
സേവിക്കാനുള്ള പ്രതിബദ്ധതയോടെയാണ് ഓരോ ദിവസവും കോടതിയിൽ വരുന്നത്. ഞങ്ങൾ ചെയ്യുന്ന ജോലിക്ക് കേസുകൾ ഉണ്ടാക്കാനോ തകർക്കാനോ കഴിയും. കോടതിയിൽ ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ദയവായി എന്നോട് ക്ഷമിക്കൂ. എന്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ…”- ചീഫ് ജസ്റ്റിസ് പറഞ്ഞു.
2022 നവംബർ ഒമ്പതിനാണ് ഡി.വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് 2016 മെയ് 13നാണ് സുപ്രിംകോടതി ജഡ്ജിയായത്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. അതിന് മുമ്പ് അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു.
ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് അടുത്ത ചീഫ് ജസ്റ്റിസ്. നവംബർ 11നാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്. 1983ൽ ഡൽഹി തീസ് ഹസാരി കോടതിയിൽ അഭിഭാഷകനായാണ് ഖന്നയുടെ തുടക്കം. 2005ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയും പിന്നെ സ്ഥിരം ജഡ്ജിയുമായി. ഡൽഹി ജുഡീഷ്യൽ അക്കാദമിയുടെയും ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിന്റെയും ചുമതല വഹിച്ചു. 2019ലാണ് സുപ്രിംകോടതി ജഡ്ജിയായത്.