തോറ്റിട്ടും ‘ജയിച്ച’ ജപ്പാന്: ടീം അംഗങ്ങള്‍ക്ക് ഗംഭീര വരവേല്‍പ്പ്

ടോകിയോ: ഖത്തര്‍ലോകകപ്പിലെ ഉജ്വല പ്രകടനത്തിന് ശേഷം ജപ്പാന് നാട്ടിലേക്ക് തിരിച്ചെത്തി. ടോക്യോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങള്‍ക്ക് ഉജ്വല വരവേല്‍പ്പാണ് നാട്ടുകാര്‍ നല്‍കിയത്. പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് ഷൂട്ടൗട്ടില്‍ തോറ്റാണ് ജപ്പാന് ഖത്തറിനോട് വിടപറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തില്‍ സ്പെയിനെയും ജര്‍മ്മനിയേയും മുട്ടുകുത്തിച്ചായിരുന്നു ജപ്പാന്റെ കുതിപ്പ്.
പരിശീലകന് ഹാജിം മൊരിയാസു, ക്യാപ്റ്റന്‍ മായ യോഷിദ, മറ്റ് കളിക്കാരായ റിറ്റ്സു ഡോന്, ജൂനിയ ഇറ്റോ എന്നിവരെ നരിറ്റ വിമാനത്താവളത്തില്‍ ആര്‍പ്പുവിളികളോടെയാണ് ജനം വരവേറ്റത്. നിരവധി പേരാണ് താരങ്ങള്‍ എത്തുന്നത് അറിഞ്ഞ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. വ്യക്തിഗത മികവുകളും ടീം പ്രയത്നവും ഉപയോഗിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനിയും ഞങ്ങള്‍ക്ക് പോരാടാന്‍ കഴിയുമെന്ന് മൊരിയാസു മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
അതേസമയം യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന ജാപ്പനീസ് സ്ക്വാഡിലെ ചില അംഗങ്ങള്‍ അവരുടെ ക്ലബ്ബുകളിലേക്ക് മടങ്ങി. കാല്പന്തുകളിയുടെ വിശാലലോകത്തെ ഞെട്ടിച്ച പ്രകടനമാണ് ജപ്പാന് ലോകകപ്പിലുടനീളം പുറത്തെടുത്തത്. ക്രൊയേഷ്യയോട് കാലിടറി മടങ്ങുമ്ബോഴും ജപ്പാന്റെ പോരാട്ടവീര്യത്തെ ഫുട്ബോള്‍ പ്രേമികള്‍ ആദരവോടെയാണ് ഓര്‍ക്കുന്നത്. മുന്നേറ്റം, പ്രതിരോധം, മധ്യനിര, ഗോള്‍കീപ്പര്‍ എന്നിവയിലെല്ലാം ജപ്പാന് മികച്ച നിന്നു. ക്രൊയേഷ്യയെ ഷൂട്ടൌട്ടില്‍ വരെ എത്തിച്ചു.
പരിചയസമ്ബന്നരേയും പുതുമുഖങ്ങളെയും ഒരുമിച്ച് അണിനിരത്തി നല്ല ടീമിനെ ഉണ്ടാക്കിയ കോച്ച് ഹജിമെ മോറിയാസുവിനും കയ്യടിയാണ്. അതേസമയം കളത്തിന് പുറത്തും ജപ്പാന് കളിക്കാരും ആരാധകരും മാതൃക സൃഷ്ടിച്ചിരുന്നു. വിജയത്തിനുശേഷം ജപ്പാന്താരങ്ങള് ഡ്രെസിങ് റൂം വൃത്തിയാക്കിയാണ് ഹോട്ടലിലേക്ക് തിരിച്ചത്. താരങ്ങള്‍ ഡ്രെസിങ്റൂം വിട്ട ശേഷമുള്ള കാഴ്ച കാണേണ്ടതുതന്നെയായിരുന്നു. ടവലുകള്‍ അടുക്കിവച്ചിരിക്കുന്നു. വെള്ളക്കുപ്പികളും ഫുഡ് കണ്ടെയ്നറുകളും ഒരുഭാഗത്ത് ചിട്ടയോടെ സൂക്ഷിച്ചിരിക്കുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സ്റ്റേഡിയത്തിലെ കുപ്പിയും മാലിന്യങ്ങളും ആരാധകര്‍ ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളുമെല്ലാം വൃത്തിയാക്കി ജപ്പാന് ആരാധകരും കയ്യടി വാങ്ങി.

