ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം സര്‍ക്കാര്‍; വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ

ഗുവാഹതി: ബഹുഭാര്യത്വം നിരോധിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിനകത്തെ ബഹുഭാര്യത്വം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കാനാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്. 1937-ലെ മുസ്‌ലിം പേഴ്‌സണല്‍ ലോ അടക്കം കമ്മിറ്റി വിശദമായി പരിശോധിക്കും. നിയമവിദഗ്ധരടക്കം ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പുരുഷന്‍മാര്‍ നാല് വിവാഹം കഴിക്കുന്നത് ഒഴിവാക്കാനും സ്ത്രീകളെ പ്രസവിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാക്കി മാറ്റുന്നത് തടയാനും ഏക സിവില്‍ കോഡ് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി കര്‍ണാടകയില്‍ പുറത്തിറക്കിയ പ്രകടനപത്രികയിലും പറഞ്ഞിരുന്നു.

