നീലേശ്വരം നഗരസഭയ്ക്ക് 7 കോടിയുടെ ആസ്ഥാന മന്ദിരമൊരുങ്ങുന്നു; പ്രത്യേകം കാബിനുകൾ, കൗൺസിൽ ഹാൾ

നീലേശ്വരം ∙ നഗരസഭയായി ഉയർന്നിട്ടും പഴയ പഞ്ചായത്ത് കെട്ടിടം മോടിപിടിപ്പിച്ച് ഉപയോഗിക്കുന്ന നീലേശ്വരം നഗരസഭയ്ക്ക് സംസ്ഥാനത്തെ ഏറ്റവും വിപുലമായ നഗരസഭാ ആസ്ഥാന മന്ദിരമൊരുങ്ങുന്നു. പണികൾ അവസാന ഘട്ടത്തിലേക്കു നീങ്ങിയ കെട്ടിടത്തിൽ വൈദ്യുതീകരണവും ചില മരാമത്തു പണികളും മാത്രമാണ് ശേഷിക്കുന്നത്. 7 കോടി രൂപ ചെലവിൽ 3 നിലകളിലായാണ് കെട്ടിടം.
കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കെട്ടിടത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. ഓഫിസിനു പുറമെ ചെയർമാൻ, വൈസ് ചെയർമാൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ എന്നിവർക്കും പ്രത്യേകം കാബിനുകൾ, കൗൺസിൽ ഹാൾ, മിനി കോൺഫറൻസ് ഹാൾ, 300 പേർക്കിരിക്കാവുന്ന ടൗൺ ഹാൾ എന്നിവ കെട്ടിടത്തിലുണ്ട്.കുടുംബശ്രീ ഓഫിസ്, റഫറൻസ് ലൈബ്രറി, കൃഷിഭവൻ, ഓഫിസിൽ എത്തുന്നവർക്കുള്ള സൗകര്യങ്ങൾ തുടങ്ങിയവയുമുണ്ട്.
ഈ സൗകര്യങ്ങൾക്കായി 2 നില മതിയാകുമെങ്കിലും പ്രഫ.കെ.പി.ജയരാജൻ ചെയർമാൻ ആയിരുന്ന കഴിഞ്ഞ നഗരസഭാ ഭരണ സമിതി ദീർഘ വീക്ഷണത്തോടെ 3 നില ഓഫിസ് സമുച്ചയം വിഭാവനം ചെയ്യുകയായിരുന്നു. ഭാവിയിൽ വരുന്ന അടിയന്തര ആവശ്യങ്ങൾക്കുള്ള സൗകര്യവും മുൻകൂട്ടി ഒരുക്കിയിട്ടുണ്ട്. വൈദ്യൂതീകരണ ജോലികൾ ടെൻഡർ നടപടിയിലാണ്. ഇതുകൂടി പൂർത്തിയാകുന്നതോടെ ഓഫിസ് ഉദ്ഘാടനത്തിനൊരുങ്ങും

