KSDLIVENEWS

Real news for everyone

CPM അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ശാഖ സംരക്ഷിക്കാന്‍ ആളെവിട്ടു’; സുധാകരന്റെ വെളിപ്പെടുത്തല്‍

SHARE THIS ON

കണ്ണൂര്‍: സംഘടനാ കോണ്‍ഗ്രസിലായിരിക്കെ ആര്‍.എസ്.എസ്. ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന എന്നിവിടങ്ങളിലെ ശാഖകള്‍ക്ക് സംരക്ഷണം നല്‍കാന്‍ താന്‍ ആളെ വിട്ടെന്നാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. ശാഖകള്‍ അടിച്ചുതകര്‍ക്കാന്‍ സി.പി.എം. ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ എം.വി. രാഘവന്‍ അനുസ്മരണ പരിപാടിയിലാണ് സുധാകരന്റെ പരാമര്‍ശം.

‘ആര്‍.എസ്.എസിന്റെ ശാഖ ആരംഭിച്ചപ്പോള്‍ അടിച്ചുപൊളിക്കാനും തകര്‍ക്കാനും സി.പി.എം. ശ്രമിച്ചൊരു കാലമുണ്ട്. ഒരു ശാഖ കണ്ടെത്താന്‍ കഴിയാത്തൊരു സാഹചര്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. അന്ന് ആളെ അയച്ച് സംരക്ഷണം കൊടുത്ത ഒരാളാണ് ഞാന്‍. ശാഖയോടും ശാഖയുടെ ലക്ഷ്യത്തോടും ആര്‍.എസ്.എസിനോടും ആഭിമുഖ്യം ഉണ്ടായിട്ടല്ല. ജനാധിപത്യാവകാശം നിലനില്‍ക്കുന്ന സ്ഥലത്ത് മൗലികവകാശം തകര്‍ക്കപ്പെടുന്നത് നോക്കിനില്‍ക്കുന്നത് ജനാധിപത്യവിശ്വാസിക്ക് ഗുണകരമല്ല എന്ന തോന്നലാണ് അതിന് പ്രേരിപ്പിച്ചത്. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളുമായി ഞാന്‍ ഒരിക്കലും ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല, സഹകരിച്ചിട്ടില്ല. പിന്തുണപ്രഖ്യാപിച്ചിട്ടുമില്ല. പക്ഷേ, ആവിഷ്‌കാര സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഓരോ പൗരന്റേയും ജന്മാവകാശമാണ്. ആ ജന്മാവകാശം നിലനിര്‍ത്തണം. അത് നാടിന്റെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേല്‍ക്കാതെ നടക്കുന്ന ഏത് പ്രവര്‍ത്തനത്തേയും സഹായിക്കേണ്ട സാഹചര്യം ജനാധിപത്യ- മതേതരത്വത്തില്‍ ഉണ്ടാവും. അങ്ങനെയൊരു തോന്നലാണ് അന്നത്തെയൊരു തീരുമാനത്തിന് എന്നെ പ്രേരിപ്പിച്ചത്. അതില്‍ ശരിയോ തെറ്റോ എന്ന വിവാദമുണ്ടാകാം’, കെ. സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!