പാലക്കാട്ടെ പാതിരാ റെയ്‌ഡും കള്ളപ്പണ വിവാദവും;
മൗനം തുടർന്ന് പോലീസ്
പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡിലും കള്ളപ്പണ വിവാദത്തിലും പോലീസ് മൗനം തുടരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി എസ്.പി.ക്ക് നേരിട്ട് പരാതി നൽകിയിട്ടും, തനിക്ക് ലഭിച്ച പരാതി കളക്ടർ കൈമാറിയിട്ടും തുടർനടപടിക്ക് വകുപ്പില്ലെന്ന നിലപാടിലാണ് പോലീസ്. ഇക്കാര്യത്തിൽ ജില്ലാപോലീസ് മേധാവി വെള്ളിയാഴ്ചയും പ്രതികരിച്ചില്ല. സി.പി.എം. ജില്ലാ സെക്രട്ടറിയിൽനിന്ന് തെളിവെടുപ്പ് നടത്തുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇതിനും സ്ഥിരീകരണമുണ്ടായിട്ടില്ല.
കള്ളപ്പണവിവാദത്തിൽ തുടരന്വേഷണത്തിന് എന്തെങ്കിലും സാധ്യതയുണ്ടാകണമെങ്കിൽ പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ.) തയ്യാറാക്കാനുള്ള അടിസ്ഥാന െതളിവുകളെങ്കിലും ശേഖരിക്കണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇത്തരമൊരു സാഹചര്യം ഉണ്ടാകാതെ എഫ്.ഐ.ആർ. തയ്യാറാക്കി അന്വേഷണത്തിനിറങ്ങുന്നത് സംഭവത്തിൽ തുടക്കംമുതൽ പ്രതിക്കൂട്ടിലായ പോലീസിനെ കൂടുതൽ കുഴപ്പങ്ങളിലാക്കുമെന്നാണ് അവരുടെ അഭിപ്രായം. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ നിലപാടിനോട് യോജിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത് പോലീസിന് തെല്ല് ആശ്വാസമായിട്ടുണ്ട്.
അതേസമയം, പരാതി നൽകി മൂന്നുദിവസം പിന്നിട്ടിട്ടും പോലീസിന്റെ തുടർനടപടി വൈകുന്നതിൽ സി.പി.എം. ജില്ലാ നേതൃത്വത്തിൽ അസംതൃപ്തിയുണ്ട്. വെള്ളിയാഴ്ച ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു നടത്തിയ പത്രസമ്മേളനത്തിൽ നേരിട്ട് പോലീസിനെ കുറ്റപ്പെടുത്തിയില്ലെങ്കിലും ചില കേസുകളിൽ പോലീസിന് അവരുടേതായ രീതികളുണ്ടെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.
’പരിശോധനയിൽ ഒന്നും ലഭിച്ചില്ലെന്ന്’ എ.എസ്.പി. അശ്വതി ജിജി എഴുതിനൽകിയത് ആരോപണവിധേയരായ കോൺഗ്രസിന് ബലമാണ്. ഡിജിറ്റൽ തെളിവുകൾതേടി സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നെങ്കിലും സി.പി.എം. നേതാക്കളുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന ഒന്നും അതിൽനിന്ന് ലഭിക്കാത്തതും തുടർനടപടിക്ക് വിലങ്ങുതടിയായി.