മലപ്പുറത്ത് സ്വര്‍ണ വ്യാപാരിയുടെ വീട്ടിലെ റെയ്ഡ്: കണ്ടെത്തിയത് നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം

മലപ്പുറം: മലപ്പുറത്ത് കഴിഞ്ഞ ദിവസം റെയ്ഡില്‍ കണ്ടെത്തിയ സ്വര്‍ണ്ണം നയതന്ത്ര ബാഗേജ് വഴി കടത്തിയതെന്ന് ഇ.ഡി.
മലപ്പുറം സ്വദേശി അബൂബക്കര്‍ പഴേടത്തിന്റെ വീട്ടിലും നാല് ജ്വല്ലറികളിലുമായിരുന്നു പരിശോധന . മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ പിന്‍ബലത്തോടെ നടന്ന സ്വര്‍ണക്കടത്തില്‍ പങ്കാളിയായിരുന്നു അബൂബക്കറെന്നാണ് ഇ.ഡി കണ്ടെത്തല്‍ .
അബൂബക്കര്‍ പഴേടത്തിന്റെ വിവിധ ജ്വല്ലറികളില്‍ നിന്നും വീട്ടില്‍ നിന്നുമായി രണ്ടര കോടിരൂപ വിലമതിക്കുന്ന അഞ്ച് കിലോ സ്വര്‍ണ്ണമാണ് ഇഡി കണ്ടെടുത്തത്. രഹസ്യ അറയിലായി ഒളിപ്പിച്ച് വെച്ച സ്വര്‍ണ്ണത്തിന് പുറമെ മൂന്ന് ലക്ഷത്തി എഴുപത്തി ഒമ്ബതിനായിരം രൂപയും കണ്ടെടുത്തിരുന്നു.
എം ശിവശങ്കറിന്റെ പിന്‍ബലത്തോടെ സ്വര്‍ണ്ണം കടത്തിയ പി.എസ് സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ കൂടെയുണ്ടായിരുന്ന ആളാണ് അബൂബക്കര്‍ പഴേടത്തെന്നും ഇഡി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. 2020 ജൂലായില്‍ തിരുവന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വര്‍ണ്ണത്തില്‍ മൂന്ന് കിലോ സ്വര്‍ണ്ണം തന്റേതാണെന്ന് അബൂബക്കര്‍ പഴേടം മൊഴി നല്‍കിയതായും ഇഡി പറയുന്നു. നയതന്ത്ര ബാഗേജ് വഴി ആറ് കിലോ സ്വര്‍ണ്ണം ഇയാള്‍ കടത്തിയതായും ഇ.ഡി വ്യക്തമാക്കി.

