പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയല്‍ അദാലത്ത് തുടക്കം; തീര്‍പ്പാക്കിയത് 23,000 കെട്ടിക്കിടന്ന ഫയലുകള്‍

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയല്‍ അദാലത്തിന് തുടക്കമായി. തിരുവനന്തപുരം പരീക്ഷാഭവനില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യതയിലും വേഗത്തിലും പൊതുജനങ്ങളിലേക്കെത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മന്ത്രി പറഞ്ഞു. ഫയലുകള്‍ കടലാസുകെട്ടുകളല്ല, മനുഷ്യരുടെ ജീവിതം തന്നെയാണെന്ന ബോധ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഫയലുകളുടെ വിനിമയവും അതിലുള്ള തീരുമാനവും ത്വരിതപ്പെടുത്താന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസു മുതല്‍ ഡയറക്ടറേറ്റുതലം വരെയുള്ള ഓഫീസുകളില്‍ നിരവധി ഫയലുകള്‍ തീരുമാനമാകാതെ നിലവിലുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഒരു മാസത്തിനകം 7,266 ഫയലുകളില്‍ യുക്തമായ തീരുമാനമെടുത്ത് തീര്‍പ്പാക്കി. മൊത്തം ഫയലുകളുടെ 48.5 ശതമാനം വരുമിത്. തുടര്‍ന്നും ഘട്ടം ഘട്ടമായ ഫയല്‍ തീര്‍പ്പാക്കലിലൂടെ മാര്‍ച്ച് 4 വരെയുള്ള കണക്കു പ്രകാരം 57.5 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കി.
ഈ കാലയളവില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ 13,493 ഫയലുകള്‍ ശേഷിക്കുന്നതായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ 24,786 ഫയലുകള്‍ ശേഷിക്കുന്നതായും ബന്ധപ്പെട്ട ഉപഡയറക്ടര്‍മാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ജില്ലാ/ഉപജില്ലാതലത്തില്‍ അദാലത്തുകള്‍ നടത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ 3,585 ഫയലുകളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ 12,371 ഫയലുകളും തീര്‍പ്പാക്കുകയുണ്ടായി. 14 വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടെ കാര്യാലയങ്ങളിലെ ശേഷിക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ജില്ലാതല അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കില്ല. ഇതില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം.ഇക്കാര്യത്തില്‍ പരിശോധന ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

