മെട്രോ നീട്ടാന്‍ യുഡിഎഫ് എംപിമാര്‍ ഇടപെട്ടില്ലെന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം- സതീശന്‍

VD Satheesan
കൊച്ചി: തൃക്കാക്കരയിലേക്ക് മെട്രോ നീട്ടാന്‍ യു.ഡി.എഫ് എം.പിമാര്‍ ഇടപെട്ടില്ലെന്ന പ്രസ്താവന പിന്‍വലിച്ച് മന്ത്രി പി. രാജീവ് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മിടുമിടുക്കന്‍മാരായ എം.പിമാരെയാണ് യു.ഡി.എഫ് ഡല്‍ഹിയിലേക്ക് അയച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയിന്റെ എക്സ്റ്റന്‍ഷന്‍ വേണമെന്ന് എറണാകുളം എം.പി ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ രണ്ട് തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള തെളിവ് വേണമെങ്കില്‍ ഹാജരാക്കാം. ഹൈബി ഈഡനോട് മന്ത്രി ക്ഷമ ചോദിച്ച് ആരോപണം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2015-ല്‍ മെട്രോ റെയിലിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി വരുമ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍, രണ്ടാം ഘട്ടത്തില്‍ തൃക്കാക്കരയിലേക്കുള്ള എക്സ്റ്റന്‍ഷന്‍ ആലോചിച്ചു. എന്നാല്‍ ആറു വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് യു.ഡി.എഫ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. സില്‍വര്‍ ലൈനിന് എതിരായി കേന്ദ്ര സര്‍ക്കാരിനോട് പരാതിപ്പെട്ട യു.ഡി.എഫ് എം.പിമാര്‍ തൃക്കാക്കര എക്സ്റ്റന്‍ഷനെ പറ്റി സംസാരിച്ചില്ലെന്നാണ് മന്ത്രി പി. രാജീവ് ഇന്ന് മറുപടിയായി പറഞ്ഞത്.
പാര്‍ലമെന്റ് അര്‍ബന്‍ ഡെവലപ്മെന്റ് കമ്മിറ്റിയിലും മെട്രോ റെയില്‍ തൃക്കാക്കരയിലേക്ക് നീട്ടണമെന്ന് നിരന്തരമായി എറണാകുളം എം.പി ആവശ്യപ്പെട്ടതിന്റെ രേഖകളും ഹാജരാക്കാം. കൊച്ചിയില്‍ കേന്ദ്രമന്ത്രി എത്തിയപ്പോഴും എറണാകുളം എം.പി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര മനോഹരമായാണ് ഹൈബി ഈഡന്‍ തൃക്കാക്കരയിലേക്കുള്ള മെട്രോ റെയില്‍ എക്സ്റ്റന്‍ഷനെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചതെന്ന് മന്ത്രി ആദ്യമൊന്ന് കാണണം. എന്നിട്ട് ഹൈബി ഈഡനോട് ക്ഷമ ചോദിച്ച് മന്ത്രി ഈ ആരോപണം പിന്‍വലിക്കണം. യു.ഡി.എഫിനെതിരെ എന്തെങ്കിലും പറയുമ്പോള്‍ മൂന്നുവട്ടം ആലോചിക്കണം. മന്ത്രി രാജീവ് വെറുതെ അബദ്ധത്തില്‍ ചാടരുതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

