KSDLIVENEWS

Real news for everyone

ഫ്‌ളാറ്റിലെ പീഡനം: പ്രതി മാര്‍ട്ടിന്റ ഒളിത്താവളം കണ്ടെത്തിയെന്ന് പോലീസ്; തിരച്ചിൽ തുടരുന്നു

SHARE THIS ON

തൃശ്ശൂർ: ഫ്ളാറ്റിൽ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ ഒളിത്താവളം പോലീസ് കണ്ടെത്തി. തൃശ്ശൂർ മുണ്ടൂർ ഭാഗത്ത് ഒരു ചതുപ്പ് പ്രദേശത്താണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്നാണ് വിവരം. ഇയാളുടെ വീടിന് അടുത്തുതന്നെയുള്ള ഒഴിഞ്ഞ പ്രദേശമാണിത്. ഈ സ്ഥലത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശത്ത് ഇയാൾക്കായുള്ള പരിശോധനകൾ നടന്നുവരികയാണ്.

ഇയാളെ സ്ഥലത്തെത്തിച്ച സുഹൃത്തുക്കളെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് തിരച്ചിൽ നടത്തുന്നത്. ഇയാൾ തൃശ്ശൂരിൽ എത്തിയ ബിഎംഡബ്ല്യു കാറ് അടക്കം നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

എട്ടാം തീയതി രാവിലെ നാലുമണിക്കാണ് ഇയാൾ കാക്കനാട്ടെ ഫ്ളാറ്റിൽനിന്ന് തൃശ്ശൂരിലേക്ക് പോയത്. തുടർന്ന് ഇയാൾ ഇവിടേക്ക് ഒളിവിൽ കഴിഞ്ഞെന്നാണ് പോലീസ് കരുതുന്നത്. സമീപ പ്രദേശങ്ങളിൽ ഇയാൾ ഉണ്ടാകാൻ ഇടയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. മാർട്ടിൻ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടിൽ പോലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യംചെയ്തിരുന്നു.

കണ്ണൂർ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്ളാറ്റിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് മാർട്ടിൻ ജോസഫിനെ പോലീസ് തിരയുന്നത്. എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലിചെയ്തു വരുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ കൊണ്ടുപോയി മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ പ്രതി, ഫ്ലാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെടുകയും ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

മാർട്ടിൻ ജോസഫ് എറണാകുളം സി.ജെ.എം. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും പോലീസ് ജാമ്യാപേക്ഷയെ എതിർത്ത് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. ജാമ്യഹർജി തള്ളിയ അന്നുതന്നെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു. മേയ് 31-ന് ഹൈക്കോടതിയിൽ പ്രതി നൽകിയ മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!