KSDLIVENEWS

Real news for everyone

സിക്ക വൈറസ്: കേന്ദ്രം അയച്ച വിദഗ്ധ സംഘം ഇന്നെത്തും

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈറസ് ബാധയുണ്ടായെന്ന് സംശയിക്കുന്ന രോഗലക്ഷണങ്ങൾ ഉള്ള കൂടുതൽ പേരുടെ പരിശോധന ഫലങ്ങളും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനിടെ സംസ്ഥാനത്ത് ആദ്യം വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞ തിരുവനന്തപുരം ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കേരളത്തിൽ 14 പേർക്ക് സിക്ക സ്ഥിരീകരിച്ചതിനെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. സ്ഥിതി നേരിട്ട് വിലയിരുത്താനെത്തുന്ന കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങൾ സന്ദർശിക്കും. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗപ്രതിരോധം സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകും. ഗർഭാവസ്ഥയിൽ സിക്ക സ്ഥീരീകരിക്കപ്പെട്ട യുവതിയുടെ സ്വദേശമായ പാറശാലയിൽ നിന്നുൾപ്പെടെ ശേഖരിച്ച 17 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കുടുതൽ പേർക്ക് രോഗബാധയുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ആരോഗ്യവകുപ്പിന് പിന്നാലെ തിരുവനന്തപുരം ജില്ലാഭരണകൂടവും സിക്ക പ്രതിരോധത്തിന് കർമ്മപദ്ധതി രൂപീകരിച്ചു. ജില്ലയിലെ ലാബുകളോട് സിക്ക സംശയമുള്ള കേസുകൾ റിപ്പോർട്ട് ചെയ്യാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളിൽ പനി ക്ലിനിക്കുകൾ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഈഡിസ് ഈജിപ്തി വിഭാഗത്തിൽ പെടുന്ന കൊതുകുകളാണ് വൈറസ് പരത്തുന്നത്. ഇത് കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ കൊതുകു നിവാരണമുൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. സിക്ക വൈറസ് പ്രതിരോധത്തിനായി ജില്ലയിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. സിക്ക വൈറസിനെതിരായ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ നടപ്പാക്കും. കൊതുകു നിവാരണത്തിനായി വീടുകളിൽനിന്ന് നടപടി തുടങ്ങും. ആക്ഷൻ പ്ലാൻ നടപ്പിലാകുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിരീക്ഷണമുണ്ടാകും. കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാക്കുകയാണ് ചെയ്യുക. സിക്കാ വൈറസ് ഗർഭിണികളെ ഗുരുതരമായി ബാധിക്കും. മറ്റുള്ളവരിൽ രോഗ ലക്ഷണത്തിന്റെ കാഠിന്യം കുറവായിരിക്കും. ഇവർ ഗർഭിണികൾക്ക് രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗർഭിണികൾ ആദ്യ നാല് മാസത്തിൽ അതീവ ശ്രദ്ധ പുലർത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണം. കൊതുകു കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. ജില്ലയിലെ എല്ലാ സർക്കാർ-പ്രൈവറ്റ് ആശുപത്രികളിലും സിക്ക വൈറസ് ബാധ കണ്ടെത്താനുള്ള സൗകര്യമൊരുക്കും. വാർഡ് തലത്തിൽ നിന്ന് ഈഡിസ് കൊതുകിനെ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആരോഗ്യ വകുപ്പിന് കീഴിലെ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകൾ കോർപറേഷൻ പരിധിയിൽ നിരീക്ഷണം നടത്തുകയും കൊതുകു നിവാരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. ഡിവിസി യൂണിറ്റിലെ സീനിയർ ബയോളജിസ്റ്റിന്റെ സാങ്കേതിക നിർദ്ദേശങ്ങൾക്കനുസരിച്ച് മുനിസിപ്പൽ ആരോഗ്യ സേവനങ്ങൾ ഫോഗിംഗും സ്പ്രേയും നടത്തും.വാർഡ് തലത്തിലുള്ള ആരോഗ്യ ശുചിത്വ സമിതി ഉടനെ ചേരുകയും ഓരോ വീടും ഫ്ളാറ്റും സന്ദർശിച്ച് ഉറവിടങ്ങൾ കണ്ടെത്തി അത് നശിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. വീടുകളിൽ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കാൻ ശുചിത്വ സമിതി തുടർ സന്ദർശനം നടത്തും. കൊതുകു നിവാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ് പ്രകാരം ശിക്ഷാർഹമാക്കി നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. എല്ലാ പെരിഫെറൽ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകൾ ശക്തിപ്പെടുത്താനും നിർദ്ദേശമുണ്ട്. രോഗനിർണയ കേന്ദ്രങ്ങൾ, ഒബിജി സ്കാൻ ചെയ്യുന്ന എല്ലാ അൾട്രാ സൗണ്ട് സ്കാനിംഗ് സെന്ററുകളും മൈക്രോസെഫാലി കേസുകളുടെ വിശദാംശങ്ങൾ ജില്ലാ ആർസിഎച്ച് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യും. എല്ലാ എൽഎസ്ജിഡി വകുപ്പുകളിലും ഇന്റർസെക്ടറൽ ഏകോപന സമിതി യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!