KSDLIVENEWS

Real news for everyone

യുക്രൈന്‍ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് ഇന്ത്യ; പ്രശ്‌നപരിഹാര ശ്രമങ്ങൾക്ക് പിന്തുണ

SHARE THIS ON

ന്യൂഡല്‍ഹി: യുക്രൈനിൽ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ആശങ്കയറിയിച്ച് ഇന്ത്യ. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും ഇന്ത്യ ആവര്‍ത്തിച്ചു. യുക്രൈനിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

‘അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും സാധാരണ പൗരന്മാരുടെ മരണവും ആശങ്കപ്പെടുത്തുന്നതാണ്. പരസ്പരമുള്ള വിരോധം ഉടനടി അവസാനിപ്പിക്കാനും നയതന്ത്രത്തിന്റെയും സമവായചർച്ചയുടേയും പാതയിലേക്ക് എത്രയും വേഗം മടങ്ങാനും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. പ്രശ്‌നപരിഹാരം ലക്ഷ്യം വെച്ചുള്ള എല്ലാ ശ്രമങ്ങളെല്ലാം പിന്തുണയ്ക്കാന്‍ ഇന്ത്യ തയ്യാറാണ്’, വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആണവകേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചിരുന്നു.

റഷ്യയെ ക്രൈമിയയുമായി ബന്ധിപ്പിക്കുന്ന കെര്‍ച്ച് പാലം സ്‌ഫോടനത്തില്‍ തകര്‍ന്നതിന് പിന്നാലെയായിരുന്നു യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തിങ്കളാഴ്ച രാവിലെ നടന്ന സ്‌ഫോടനങ്ങള്‍. 84 ക്രൂയിസ് മിസൈലുകള്‍ റഷ്യ വര്‍ഷിച്ചുവെന്ന് യുക്രൈന്‍ സൈന്യം പറഞ്ഞു. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!