സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജ്വല്ലറികളില്‍ മോഷണം; രണ്ട് യുവതികള്‍ പിടിയില്‍

കൊയിലാണ്ടി: സ്വര്‍ണക്കടകളില്‍ വ്യാപകമായി മോഷണം നടത്തിവന്ന യുവതികള്‍ കൊയിലാണ്ടിയില്‍ പിടിയിലായി. കഴിഞ്ഞദിവസം കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ നിന്ന് മോഷണം നടത്തി കടന്നുകളഞ്ഞ യുവതികളെ കൊയിലാണ്ടിയില്‍വെച്ച് മോഷണശ്രമത്തിനിടെയാണ് പിടികൂടിയത്.
കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ഇവരെത്തുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു. ഇവരെ തിരിച്ചറിഞ്ഞ ജ്വല്ലറി ഉടമ യുവതികളെ കടയില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചതോടെ പിങ്ക് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

