KSDLIVENEWS

Real news for everyone

കാസര്‍കോട് കെല്‍ ഫെബ്രുവരി പകുതിയോടെ പ്രവര്‍ത്തനം തുടങ്ങും; കെല്‍ നവീകരണത്തിന് 20 കോടി രൂപയുടെ ഉത്തരവ് നല്‍കി മന്ത്രി പി രാജീവ്

SHARE THIS ON

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കാസര്‍കോഡ് ബദ്രടുക്കയിലെ ഭെല്‍ ഇ.എം.എല്‍. കമ്പനി കെല്‍ (കേരള ഇലക്ട്രിക്കല്‍സ് മെഷീന്‍സ് ലിമിറ്റഡ്) ആയി ഫെബ്രുവരി പകുതിയോടെ ഉദ്പാദനം തുടങ്ങുമെന്നും ഒദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പി.ആര്‍. ചേംബറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കമ്പനിയുടെ പ്രവര്‍ത്തനത്തിനായി 20 കോടി രൂപയുടെ ഉത്തരവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷിന് കൈമാറിയിട്ടുണ്ട്. കെല്‍ -ന്റെ ആധുനിക വല്‍ക്കരണം സാധ്യമാക്കി പ്രവര്‍ത്തനം പുനരാരംഭിക്കുകയാണ്. അടഞ്ഞു കിടന്ന ഫാക്ടറിയിലെ യന്ത്രങ്ങള്‍ നന്നാക്കിയിട്ടുണ്ട്. മേല്‍ക്കൂര മുഴുവനായി മാറ്റി.
സംസ്ഥാന സര്‍ക്കാരിനു കീഴിലുളള പൊതുമേഖലാ പുനരുദ്ധാരണ സ്ഥാപനമായ റിയാബിന്റെ നിര്‍ദ്ദേശപ്രകാരം കമ്പനിയിലെ മെഷിനറികളുടെ നവീകരണവും അറ്റകുറ്റ പണികളും നടന്നു വരികയാണ്. ജീവനക്കാരുമായി എം.ഒ.യു. ഒപ്പുവെക്കും. ശമ്പളവര്‍ദ്ധനവ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സ്ഥാപനം മെച്ചപ്പെട്ടതിനുശേഷം തീരുമാനിക്കും. ശമ്പള കുടിശ്ശിക നല്‍കുന്നതിനുളള ഒരു വിഹിതം നിലവില്‍ അനുവദിച്ചിരിക്കുന്ന 20 കോടിയില്‍ നിന്നും നല്‍കും-മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിനുശേഷം ആദ്യമായി കെല്‍ സന്ദര്‍ശനത്തിനെത്തിയ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സ്ഥാപനത്തിന്റെ നവീകരണത്തിന് ആദ്യഗഡുവായി 20 കോടി രൂപയുടെ അനുമതി ഉത്തരവ് നല്‍കിയത് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പുതുവല്‍സര സമ്മാനമായി. നവീകരണത്തോടൊപ്പം ശമ്പള കുടിശ്ശിക അനുവദിക്കുന്നതിനുള്‍പ്പെടെയാണ് തുക അനുവദിച്ചിട്ടുള്ളത്. വ്യവസായ വകുപ്പ് മന്ത്രി കെല്ലില്‍ ഉദ്യോഗസ്ഥരുമായും തൊഴിലാളികളുമായും പ്രത്യേകം അവലോകനം നടത്തി. എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, മുന്‍ എം.പി. പി. കരുണാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, കെല്‍ ചെയര്‍മാനും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീ,ഷ്, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കെല്‍ മാനേജിംഗ് ഡയറക്ടര്‍ കേണല്‍ ഷാജി എം. വര്‍ഗ്ഗീസ്, യൂണിറ്റ് ഹെഡ് ജോസി കുര്യാക്കോസ്, ഡി.ജി.എം. മാര്‍ക്കറ്റിംഗ് കെ. നിഷ, ഡിസൈനിംഗ് ഹെഡ് പി. രാമചന്ദ്രന്‍, സീനിയര്‍ മാനേജര്‍ എ.എം. രാജേഷ്, ട്രേഡ് യൂണിയന്‍ നേതാക്കളായ ടി.കെ. രാജന്‍, വി.പി. രത്നാകരന്‍, കെ.പി. മുഹമ്മദ് അഷ്റഫ്, കെ.ജി. സാബു, വി. പവിത്രന്‍ എന്നിവരുമായി വ്യവസായ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തി. ഫാക്ടറി നവീകരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി നടന്ന് കണ്ടു. എച്ച്.എം.ടി. യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!