KSDLIVENEWS

Real news for everyone

അറസ്റ്റ് നിയമവിരുദ്ധം; ഇമ്രാന്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് പാകിസ്താന്‍ സുപ്രീം കോടതി

SHARE THIS ON

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടനെ മോചിപ്പിക്കണമെന്നും പാകിസ്താന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്‍ഡിയാല്‍, ജസ്റ്റിസുമാരായ മുഹമ്മദ് അലി മസ്ഹര്‍, അത്തര്‍ മിനല്ല എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യവ്യാപകമായി അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതിനാല്‍ പ്രതിഷേധസമരങ്ങളില്‍ നിന്ന് അനുയായികളെ പിന്തിരിപ്പിക്കണമെന്ന് കോടതി ഇമ്രാനോട് ആവശ്യപ്പെടുകയും ചെയ്തു. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഇമ്രാന്‍ ഖാനെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിനെതിരേ ഇമ്രാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. അറസ്റ്റ് കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ചതിന് പിന്നാലെ ഒരു മണിക്കൂറിനകം ഇമ്രാന്‍ ഖാനെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. നിയമവിരുദ്ധമായി കോടതി വളപ്പില്‍ നൂറോളം സൈനികര്‍ കടന്നുകയറിയാണ് ഇമ്രാനെ അറസ്റ്റ് ചെയ്തതെന്നും അവര്‍ അദ്ദേഹത്തോട് മോശമായി പെരുമാറിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതിയലക്ഷ്യമാണ് ഈ നടപടിയെന്നും ഇമ്രാന്റെ അഭിഭാഷകന്‍ വാദിച്ചു. മുന്‍കൂര്‍ ജാമ്യത്തിനായി ഇമ്രാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന കാര്യം അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇമ്രാന്‍ ഖാനെ കോടതിവളപ്പില്‍നിന്ന് അറസ്റ്റ് ചെയ്ത നടപടിയില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ മാലിക് റിയാസ് എന്ന വസ്തുക്കച്ചവടഭീമനില്‍നിന്ന് ഭൂമി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഇമ്രാന്റെ അറസ്റ്റ് ചൊവ്വാഴ്ച രാത്രി ഇസ്ലാമാബാദ് ഹൈക്കോടതി ശരിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!