KSDLIVENEWS

Real news for everyone

പ്രജ്ജ്വല്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമം: പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച ബിജെപി നേതാവ് അറസ്റ്റില്‍

SHARE THIS ON

ബെംഗളൂരു: ജെ.ഡി.എസ്. എം.പി. പ്രജ്ജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നകാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ ഹാസനിലെ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍. ഹാസനിലെ 36-കാരി നല്‍കിയ ലൈംഗിക ഉപദ്രവ പരാതിയിലാണ് അറസ്റ്റ് എന്നാണ് പുറത്തുവരുന്ന വിവരം. പ്രജ്ജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

വസ്തു വില്‍ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ കഴിഞ്ഞദിവസം ദേവരാജ ഗൗഡക്കെതിരെ കേസെടുത്തിരുന്നു. പ്രജ്ജ്വലിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ദേവരാജെ ഗൗഡ നേതൃത്വത്തെ അറിയിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച്.ഡി. രേവണ്ണക്കെതിരെ ഹൊളെനര സിപുരയില്‍ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു ദേവരാജെ ഗൗഡ. അദ്ദേഹത്തിന്റെ അറസ്റ്റിനോട് പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല

അതേസമയം, അശ്ലീല വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് ലൈംഗിക പീഡനാരോപണത്തില്‍ കുടുങ്ങിയ പ്രജ്ജ്വല്‍ രേവണ്ണയുടെ പേരില്‍ ഒരു ബലാത്സംഗക്കേസുകൂടി കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്തിരുന്നു. മേയ് എട്ടിന് ബെംഗളൂരുവിലാണ് കേസെടുത്തത്. ഇതോടെ പ്രജ്ജ്വലിന്റെപേരില്‍ രജിസ്റ്റര്‍ചെയ്ത ലൈംഗിക പീഡനക്കേസുകള്‍ മൂന്നായി. പരാതിക്കാരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ആവര്‍ത്തിച്ചുള്ള ബലാത്സംഗം, പീഡനരംഗം ചിത്രീകരിക്കല്‍, ഭീഷണിപ്പെടുത്തല്‍, കാര്യം സാധിക്കുന്നതിനായി ലൈംഗികബന്ധത്തിന് ആവശ്യപ്പെടുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്.
എച്ച്.ഡി. രേവണ്ണയുടെ വീട്ടിലെ മുന്‍ജോലിക്കാരി നല്‍കിയ പരാതിയിലാണ് പ്രജ്ജ്വലിനെതിരേ ആദ്യം കേസെടുത്തത്. പിന്നീട് ഹാസനിലെ തദ്ദേശസ്ഥാപനത്തിലെ മുന്‍ വനിതാ ജനപ്രതിനിധി നല്‍കിയ പരാതിയിലും കേസെടുത്തു. മൂന്നാമതും കേസെടുത്തതോടെ പ്രജ്ജ്വന്റെപേരിലുള്ള ലൈംഗിക പീഡനക്കേസ് കൂടുതല്‍ മുറുകി.

ഏപ്രില്‍ 27-ന് ജര്‍മനിയിലേക്കുപോയ പ്രജ്ജ്വലിനെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടും കാണാമറയത്ത് തുടരുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയാതെ മടങ്ങിയെത്തില്ലെന്നാണ് സൂചന.അതിനിടെ, പ്രജ്ജ്വലിനെതിരേ വ്യാജപരാതി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന സ്ത്രീയുടെ പരാതിയില്‍ പ്രത്യേകസംഘം (എസ്.ഐ.ടി.) അന്വേഷണം ആരംഭിച്ചു.

കര്‍ണാടക പോലീസില്‍നിന്നാണെന്ന് പരിചയപ്പെടുത്തി സിവില്‍ വസ്ത്രത്തിലെത്തിയ മൂന്നുപേരാണ് പ്രജ്ജ്വലിനെതിരേ വ്യാജപരാതി കൊടുക്കാന്‍ നിര്‍ബന്ധിച്ചതെന്നാണ് സ്ത്രീ ദേശീയ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയത്. ഈ പരാതി വനിതാ കമ്മിഷന്‍ എസ്.ഐ.ടി.ക്ക് കൈമാറുകയായിരുന്നു. എ.ഡി.ജി.പി. ബി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!