കൊറോണയ്ക്ക് കൂച്ചുവിലങ്ങിടാൻ യാതൊരു വീട്ട് വീഴ്ചയുമില്ലാത്ത നിയമ നടപടിക്കൊരുങ്ങി പോലീസ്.
മാനദണ്ഡം ലംഘിക്കുന്നവർ കരുതിയിരിക്കുക
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് പൊലീസ് ഒരുങ്ങുന്നു. കൊവിഡ് രോഗികളുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ പൊലീസിനെ ഏല്‍പിച്ചതോടെ ഇനി നിലവിലെ രീതിയില്‍ മുന്നോട്ട് പോകാനില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നുണ്ട്. എ.ഡി.ജി.പിമാര്‍, ഐ.ജിമാര്‍, ഡി.ഐ.ജിമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. മറ്റ് ജില്ലകളിലെ എസ്.പിമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗത്തില്‍ പങ്കെടുക്കുക.
നിലവിലെ പ്രവര്‍ത്തന രീതി മാറ്റണമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കല്‍ പൊലീസിന് എളുപ്പമല്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഇതും യോഗം ചര്‍ച്ച ചെയ്യും. റെസിഡന്റ്സ് അസോസിയേഷനുകളും മറ്റ് സംഘടനകളുമായി സഹകരിച്ച് പ്രതിരോധത്തിനായി പുതിയ സംവിധാനം കൊണ്ടുവന്നേക്കും.
അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിവീഴും
പൊലീസിനെ നിയോഗിച്ചിട്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍ അടക്കമുള്ള രോഗവ്യാപന മേഖലകളില്‍ ജനങ്ങള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നുണ്ട്. ഇനി ഇത് അനുവദിക്കില്ല. ഇവിടങ്ങളില്‍ അടക്കമുള്ള സ്ഥലങ്ങളില്‍ എക്സിറ്റ്, എന്‍ട്രി വഴികള്‍ പൊലീസ് തീരുമാനിക്കും. മറ്റ് ചെറിയ വഴികള്‍ പോലും അടച്ച് കനത്ത സുരക്ഷ ഏര്‍പ്പെടുത്താനാണ് നീക്കം. രോഗവ്യാപനം കൂടിയ ഏതെങ്കിലും പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആവശ്യമായി വന്നാല്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കും. അതിവേഗം രോഗവ്യാപനം നടക്കുന്ന പ്രദേശങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പലരും പാലിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്‍പ്പടെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങല്‍, സാമൂഹിക അകലം പാലിക്കാതിരിക്കുക, അനാവശ്യ യാത്രകള്‍ നടത്തുക എന്നിവയ്ക്കെല്ലാം ഇനിമുതല്‍ കടുത്ത നടപടികളാവും നേരിടേണ്ടി വരിക. ഏതെങ്കിലും പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആവശ്യമായി വന്നാല്‍ ജില്ലാ പൊലീസ് മേധാവി ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിച്ചുകൊണ്ട് നടപടിയെടുക്കും.
ഗ്രാമമേഖലയിലും സുരക്ഷാ കണ്ണ്
നിലവില്‍ രോഗബാധ അതിരൂക്ഷമായ നഗരപ്രദേശങ്ങളിലാണ് പൊലീസ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് എന്നാല്‍ ഗ്രാമീണ -മലയോര മേഖലകളില്‍ കൊവിഡ് ചട്ടങ്ങള്‍ പാലിക്കാതെയുള്ള ജനങ്ങളുടെ കൂട്ടംകൂടലിനും യഥേഷ്ട സഞ്ചാരത്തിനും ഇടയാക്കിയിട്ടുണ്ട്. അതിതീവ്ര രോഗവ്യാപനം ഗ്രാമങ്ങളില്‍ ഇല്ലെങ്കിലും ഇത് അനുവദിക്കാനാകില്ലെന്ന് റൂറല്‍ എസ്.പിമാര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇനിമുതല്‍ ഗ്രാമങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കും. കവലകളിലും മറ്റും കൂട്ടം കൂടുന്നത് അനുവദിക്കില്ല. ഗ്രാമപ്രദേശങ്ങളിലെ പച്ചക്കറി മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലുമടക്കം സാമൂഹിക അകലം പാലിക്കാതെയുള്ള വില്‍പനയാണ് നടക്കുന്നതെന്ന് പല കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിക്കുകയും ശരിയെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമങ്ങളിലെ നിരീക്ഷണവും കര്‍ശനമാക്കുന്നത്.
ക്വാറന്റൈന്‍ ലംഘനം
ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇനിമുതല്‍ കര്‍ശന നടപടികള്‍ ആയിരിക്കും സ്വീകരിക്കുക. ഇവര്‍ക്ക് മേല്‍ എന്ത് നടപടി എടുക്കണമെന്ന കാര്യം ഇന്ന് ചേരുന്ന യോഗത്തിലുണ്ടാകും. നിലവില്‍ കേസ് എടുക്കുക മാത്രമാണ് ചെയ്യുന്നത്. ഇതുപോരെന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ളത്. തീരദേശവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോസ്റ്റല്‍ പൊലീസ് അദ്ദേഹത്തിനു പിന്തുണ നല്‍കും. ഇതിനു പുറമേ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ മാസ്‌ക് ധരിക്കാന്‍ പ്രേരിപ്പിക്കുന്നതുള്‍പ്പെടെ ശക്തമായ ബോധവത്കരണം നടത്തും.