മംഗലാപുരം – പാലക്കാട് പാതയിൽ പുതിയ മെമു സർവീസുകൾ വേണം: ആവശ്യമുന്നയിച്ച് എം.കെ. രാഘവൻ എംപി

കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിലെ വിവിധ റെയിൽവേ വികസന ആവശ്യങ്ങളും യാത്രാപ്രശ്നങ്ങളും ഉന്നയിച്ച് എം.കെ. രാഘവൻ എംപി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവുത്തുമായി ഡിആർഎം ഓഫീസിൽ കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് കൂടിക്കാഴ്ചയിൽ ഡിആർഎം ഉറപ്പു നൽകിയതായി എംപി പിന്നീട് അറിയിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങളിലുണ്ടാകുന്ന കാലതാമസം ചർച്ചയിൽ ഉന്നയിച്ചു. കരാറുകാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന തുടർച്ചയായ വീഴ്ച കണക്കിലെടുത്ത് കരാർ റദ്ദാക്കി പുതിയ ഏജൻസിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ഇതിനായുള്ള തുടർ നടപടികൾ റെയിൽവേ സ്വീകരിക്കും.
യാത്രാദുരിതം പരിഹരിക്കാനായി മംഗലാപുരം – പാലക്കാട് പാതയിൽ പുതിയ മെമു സർവീസുകൾ ആരംഭിക്കാനും പാലക്കാട് ഷെഡിലേക്ക് അനുവദിക്കാൻ ചെന്നൈ ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയച്ച 5 മേമു റേക്കുകൾ വേഗത്തിൽ ലഭ്യമാക്കാനും നടപടി സ്വീകരിക്കും. കൂടാതെ, ഉത്തര മലബാറിൽ നിന്ന് പാലക്കാട് വഴി ബാംഗ്ലൂരിലേക്ക് പുതിയ പ്രതിദിന വന്ദേ ഭാരത് സ്ലീപ്പർ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിൻ ആരംഭിക്കുന്ന കാര്യവും റെയിൽവേ ബോർഡിന് മുൻപാകെ ഉന്നയിക്കാൻ ധാരണയായി.
നിലവിൽ യാത്രക്കാർ കുറവുള്ള ഗോവ- മംഗളൂരു വന്ദേഭാരത് ട്രെയിൻ കോഴിക്കോട് വരെ നീട്ടാനും മംഗലാപുരം ഭാഗം ദക്ഷിണ പശ്ചിമ റെയിൽവേയിലേക്ക് മാറിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ 24 കോച്ചുകൾ പരിപാലിക്കാൻ ശേഷിയുള്ള പിറ്റ്‌ലൈൻ സ്ഥാപിക്കാനും റെയിൽവേ ബോർഡിനോട് ഡിവിഷൻ ആവശ്യപ്പെടും. അമലാപുരി (പി.ടി. ഉഷ റോഡ്), പണിക്കർ റോഡ്, വെസ്റ്റ് ഹിൽ ചുങ്കം എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെയും അണ്ടർപാസുകളുടെയും അന്തിമ അനുമതിയും നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.
ഫറോക്കിലും കടലുണ്ടിയിലും പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യവും സജീവമായി പരിഗണിക്കും. അതോടൊപ്പം ഡിവിഷനിലെ ജീവനക്കാരുൾപ്പെടെ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് എംപി ആവശ്യപ്പെട്ടു. കല്ലായിൽ ജനങ്ങളുടെ യാത്രാബുദ്ധിമുട്ട് പരിഗണിച്ച് ലിമിറ്റഡ് യൂസ് സബ്‌വേ അനുവദിക്കുന്നതിനും, കടലുണ്ടിയിൽ റെയിൽവേ ഭൂമിയിലൂടെയുള്ള റോഡ് പുനരുദ്ധാരണത്തിനുള്ള അനുമതി, ഫറോക്കിലെ റെയിൽവേ ഭൂമി മുനിസിപ്പാലിറ്റിയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ലീസിന് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നതിനായി ഡിആർഎമ്മി ന്റെ നേതൃത്വത്തിലുള്ള റെയിൽവേ സംഘം സന്ദർശനം നടത്തും.
റെയിൽവേ ബോർഡിന്റെ അംഗീകാരം ആവശ്യമായ വിഷയങ്ങളിൽ അനുകൂലമായ തീരുമാനം വേഗത്തിലാക്കാൻ ബോർഡ് തലത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് എം.കെ. രാഘവൻ എംപി അറിയിച്ചു. യോഗത്തിൽ എംപിയോടൊപ്പം ഡിആർഎം മധുകർ റാവുത്ത്, സീനിയർ ഡിഇഎൻ കോ–ഓർഡിനേഷൻ മുഹമ്മദ് ഇസ്‌ലാം, കോഴിക്കോട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ (കൺസ്ട്രക്ഷൻ) ഹബീബ് റഹ്മാൻ, ആർബി ഡിസികെ ഡിജിഎം ദേവേഷ്, കെആർഡിസിഎൽ മാനേജർ വിനയൻ തുടങ്ങിയവർ പങ്കെടുത്തു.

