80 പവനും കാറും സ്ത്രീധനമായി ചോദിച്ചു; 100 പവനുവേണ്ടി മാനസിക പീഡനം’: ആരോപണവുമായികൊല്ലം ഇരവിപുരത്ത് തൂങ്ങി മരിച്ച സായയുടെ കുടുംബം

കൊല്ലം: ഇരവിപുരം ഭരണിക്കാവിൽ ഷാജി– റിഹാന ദമ്പതികളുടെ മകൾ സായയെ (26) ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് മാടൻനട സ്വദേശി അഫ്സലിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. 80 പവൻ സ്വർണവും കാറുമാണ് സ്ത്രീധനമായി ചോദിച്ചു വാങ്ങിയത്. 100 പവൻ കിട്ടുമായിരുന്നെന്നും മറ്റും പറഞ്ഞാണ് മാനസിക പീഡനം ഏൽപിച്ചിരുന്നതെന്നാണ് ആക്ഷേപം.
വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട് സായയ്ക്ക് മാനസിക സമ്മർദമുണ്ടായിരുന്നുവെന്നും അഫ്സലിന്റെ അമ്മാവൻ ഇക്കാര്യം ഇടയ്ക്കിടെ പറഞ്ഞ് ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ആരോപണമുണ്ട്. നിരന്തരമായി സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ വീട്ടിലുണ്ടായിരുന്നുവെന്നും സായ മാനസികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും കുടുംബം പൊലീസിനു മൊഴി നൽകി. ഏതു പ്രതിസന്ധിയിലും മകൾ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും ഇത് ആരോ ചെയ്തതാണെന്നാണു സംശയമെന്നും പിതാവ് ഷാജി ആരോപിക്കുന്നു.
‘എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്ക് അറിയാവുന്നതു പോലെ മറ്റാർക്കും അവളെ അറിയില്ല. എന്റെ കുഞ്ഞിനെ സ്നേഹിച്ചു കൊതി തീർന്നിട്ടില്ല. നഷ്ടപ്പെട്ടത് എനിക്കാണ്, എന്റെ പൊന്നുമോളെയാണ്. ഞാനതെങ്ങനെ സഹിക്കും. അവളായിരുന്നു എനിക്കെല്ലാമെല്ലാം. എന്റെ അവസ്ഥ വേറൊരു അമ്മയ്ക്കും ഉണ്ടാകരുത്. അവളുടെ മരണത്തിനു പിന്നിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയണം’– സായയുടെ മാതാവ് റിഹാന ഷാജി മനോരമയോടു പറഞ്ഞു. സംഭവ ദിവസവും സായ മാതാവിനെ ഫോണിൽ വിളിച്ചിരുന്നു. വൈകിട്ടു സംഭവിച്ച എന്തോ ദുരൂഹമായ കാരണമാണ് മരണത്തിനു പിന്നിലെന്നും നീതി ലഭിക്കണമെന്നും മാതാവ് റിഹാന ആവശ്യപ്പെട്ടു.
ഒക്ടോബർ 31ന് രാത്രിയാണ് സായയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി 8.30ന് ആത്മഹത്യ ചെയ്തെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്. രാത്രി 10.45നാണ് വിവരം തങ്ങളെ അറിയിക്കുന്നത്. മകളുടെ ലാപ്ടോപ്, ഡയറി എന്നിവ കാണാനില്ല. സംഭവദിവസം വൈകിട്ട് 4ന് വീട്ടിൽ ബഹളം നടന്നതായി അയൽവീട്ടുകാർ പറഞ്ഞു. മകളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് ഭർത്താവ് അഫ്സൽ ബിസിനസ് നടത്തിയിരുന്നത്. സായയുടെ ഫോണാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഫോണിന്റെ പിൻ നമ്പർ അറിയില്ലെന്നാണ് അഫ്സൽ പൊലീസിനു മൊഴി നൽകിയതെന്നും സായയുടെ കുടുംബം ആരോപിക്കുന്നു.
സായയുടെ മുറിയിൽ നിന്നും ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണമെന്നും ഭർത്താവിനോടു സ്നേഹം മാത്രമേ ഉള്ളുവെന്നു കുറിപ്പിൽ പറയുന്നു. സംഭവം ആത്മഹത്യയാണെന്നു തള്ളിക്കളയാനാണു പൊലീസ് ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു. കൊല്ലം കമ്മിഷണർക്കാണ് പിതാവ് ഷാജി ആദ്യം പരാതി കൊടുത്തത്. പിന്നീട് കേസ് ഇരവിപുരം പൊലീസിനു കൈമാറി. 2023 ജനുവരി 15നായിരുന്നു സായയുടെയും അഫ്സലിന്റെയും വിവാഹം.

