പാർട്ടി നൽകിയ കോർപറേഷൻ ചെയർമാൻ സ്ഥാനം വേണ്ടെന്നു വച്ച് സിപിഐ നേതാവ്

കാസർകോട് ∙ സീറ്റിനും പദവിക്കും വേണ്ടി പലരും മത്സരിക്കുന്ന കാലത്തു പാർട്ടി നൽകിയ കോർപറേഷൻ ചെയർമാൻ സ്ഥാനം വേണ്ടെന്നു വച്ച് സിപിഐ നേതാവ്. സംസ്ഥാന സമിതി അംഗം പെരുമ്പള ബേനൂരിലെ ടി.കൃഷ്ണനാണു പൗൾട്രി വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം വേണ്ടെന്നു വച്ചത്. ഒഴിവാക്കണമെന്ന കൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിൽ എഐടിയുസി വയനാട് ജില്ലാ പ്രസിഡന്റ് ടി.കെ.മൂർത്തിയോടു ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന കൗൺസിൽ യോഗമാണു പാർട്ടിക്കു ലഭിച്ച 15 ബോർഡ്, കോർപറേഷൻ പദവികളിലൊന്നു കാസർകോട് ജില്ലക്കാരനായ ടി.കൃഷ്ണനു നൽകാൻ തീരുമാനിച്ചത്. പദവിയിൽ താൽപര്യമില്ലെന്നു കൃഷ്ണൻ യോഗത്തിൽ അറിയിച്ചെങ്കിലും പാർട്ടി അംഗീകരിച്ചില്ല. തുടർന്ന് ഒഴിവാക്കിത്തരണമെന്നു നേതൃത്വത്തിനു കത്തു നൽകുകയായിരുന്നു.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും നേരിട്ടു സംസാരിച്ചപ്പോഴും ഒഴിവാക്കിത്തരണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് എക്സിക്യൂട്ടീവ് ചേർന്നു ടി.കെ.മൂർത്തിയോടു പദവി ഏറ്റെടുക്കാനാവശ്യപ്പെടുകയായിരുന്നു. കാറും പഴ്സനൽ സ്റ്റാഫും പ്രതിമാസ ശമ്പളവും മറ്റ് അലവൻസുകളും ഉൾപ്പെടെയുള്ള പദവികളാണു മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള പൗൾട്രി വികസന കോർപറേഷനുള്ളത്. എഐടിയുസി ജില്ലാ പ്രസിഡന്റായ ടി.കൃഷ്ണൻ ചെറുപ്പം മുതൽ മുഴുവൻ സമയ പാർട്ടി പ്രവർത്തകനാണ്. സിപിഐ ജില്ലാ സെക്രട്ടറിയായിരുന്നു. ഒരു തവണ ചെമ്മനാട് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

