KSDLIVENEWS

Real news for everyone

ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകളില്‍ 2 മാസത്തേക്ക് ലോക്ഡൗണ്‍ തുടരണം-ഐസിഎംആര്‍ മേധാവി

SHARE THIS ON

ന്യൂഡൽഹി: കോവിഡ് വ്യാപന തോത് കൂടിയ എല്ലാ ജില്ലകളിലും ആറ് മുതൽ എട്ട് ആഴ്ചകൾ വരെ ലോക്ഡൗൺ തുടരണമെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ബൽറാം ഭാർഗവയുടെ പ്രതികരണം.
നിലവിൽ രാജ്യത്ത് ആകെയുള്ള 718 ജില്ലകളിൽ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണ്. ന്യൂഡൽഹി. മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതിൽ ഉൾപ്പെടും. ഇത്തരം ജില്ലകളിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ഐസിഎംആർ ഡയറക്ടർ അഭിപ്രായപ്പെട്ടത്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് മുതൽ പത്ത് ശതമാനം ഉള്ള ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താം. എന്നാൽ കർശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ നിലനിർത്താൻ സാധിക്കുയുള്ളൂ. ആറ്-എട്ട് ആഴ്ച ലോക്ക്ഡൗണിലൂടെ ഇത് സാധ്യമല്ല. ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ നീട്ടേണ്ടതായും വരാം.- അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറഞ്ഞു. എന്നാൽ നാളെ മുതൽ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വലിയ ദുരന്തമാവും തലസ്ഥാനത്ത് ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ മൂന്ന് ലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. മെഡിക്കൽ ഓക്സിജനുൾപ്പെടെ ചികിത്സാ സൗകര്യങ്ങൾക്കും ദൗർലഭ്യം നേരിടുന്നു. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ അഞ്ചോ പത്ത് മടങ്ങ് മരണങ്ങൾ പ്രതിദിനം സംഭവിക്കുന്നുണ്ടാവാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
10 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന നിർദേശം ഏപ്രിൽ 15ന് നടന്ന നാഷണൽ ടാസ്ക് ഫോഴ്സ് യോഗത്തിൽ നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പൊതുപ്രസംഗങ്ങളിൽ ലോക്ഡൗൺ അവസാന വഴിയായി കണക്കാക്കണമെന്നാണ് സംസ്ഥാനങ്ങളോട് നിർദേശിച്ചത്. പകരം മൈക്രോ കണ്ടെയിൻമെന്റ് മേഖല തിരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിർദേശിച്ചിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാവാനുള്ള കാരണം തിരഞ്ഞെടുപ്പ് കാലത്തുണ്ടായ രാഷ്ട്രീയ പാർട്ടികളുടെ റാലികളും പൊതുസമ്മേളനങ്ങളുമാണെന്ന് അദ്ദേഹം പ്രത്യക്ഷമായി പറഞ്ഞില്ലെങ്കിലും കോവിഡ് കാലത്ത് ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നത് സാമാന്യ ബോധമാണെന്ന് അദ്ദേഹം പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!