KSDLIVENEWS

Real news for everyone

ദേശീയപാത നിർമാണം: അടിപ്പാത നിർമാണം തുടങ്ങി; പെരിയ ടൗൺ കുരുക്കിൽ

SHARE THIS ON

പെരിയ ∙ ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി അടിപ്പാത നിർമാണം ആരംഭിച്ചതോടെ പെരിയ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഒടയംചാൽ–കല്യോട്ട് റോഡ് കൂടി സംഗമിക്കുന്ന ടൗണിൽ വാഹനങ്ങളെ ഒരു ഭാഗത്തുകൂടി മാത്രം കടത്തിവിടുന്നതാണ് ഗതാഗതക്കുരുക്കിനു കാരണം. ഇതിനെതിരെ ടൗണിലെ വ്യാപാരികളും രംഗത്തു വന്നു. ദേശീയപാതയിലെ മറ്റു ടൗണുകളിൽ അടിപ്പാതയ്ക്ക് ആവശ്യമായ 24 മീറ്റർ നീളം അനുവദിച്ചപ്പോൾ അനുദിനം വികസിക്കുന്ന വിദ്യാഭ്യാസ കേന്ദ്രം കൂടിയായ പെരിയ ടൗണിൽ ഇത് 15 മീറ്റർ ആക്കി കുറച്ചുവെന്നും ജനപ്രതിനിധികളും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് സങ്കടകരമാണെന്നുമാണ് വ്യാപാരികളുടെ പരാതി.

പെരിയ ടൗണിൽ അടിപ്പാത നിർമാണത്തിലെ അശാസ്ത്രീയതയ്ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് നേരിൽകണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞേ നിർമാണം ആരംഭിക്കൂവെന്നാണ് പറഞ്ഞത്. എന്നാൽ നിർമാണം നടത്തുന്ന മേഘ കൺസ്ട്രക്‌ഷൻസ് കഴിഞ്ഞദിവസം തിരക്കിട്ട് നിർമാണം ആരംഭിക്കുകയായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റ് പ്രസിഡന്റ് കുഞ്ഞിരാമൻ ആകാശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!