KSDLIVENEWS

Real news for everyone

ലെബനനിൽ നിന്നും സൈന്യത്തെ പൂർണമായി പിൻവലിക്കണം: ഇസ്രായേലിനോട് കടുപ്പിച്ച് ബ്രിക്സ്

SHARE THIS ON

ഡൽഹി: ഗസ്സയിലെ ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്ന നയങ്ങളിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നും ലെബനനിൽ നിന്നുള്ള അധിനിവേശം അവസാനിപ്പിച്ച് സൈന്യത്തെ പിൻവലിക്കണമെന്നും ബ്രിക്സ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് പൂർണ തോതിലുള്ള മാനുഷിക സഹായം എത്തിക്കാൻ വഴിയൊരുക്കണമെന്നും ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ആവശ്യപ്പെട്ടു. ലെബനന്‍റെ പരമാധികാരത്തിനും അതിർത്തി സുരക്ഷയ്ക്കും നേരെയുള്ള തുടർച്ചയായ കടന്നുകയറ്റങ്ങളെയും ബ്രിക്സ് അപലപിച്ചു.

2025 ഒക്ടോബറിലെ വെടിനിർത്തൽ കരാറിന് ശേഷവും ഗസ്സയിൽ തുടരുന്ന അക്രമ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. വെടിനിർത്തൽ പൂർണമായി നടപ്പിലാക്കാൻ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ ഹനിക്കുന്നതോ, ഇസ്രായേൽ അധിനിവേശത്തിന് നിയമസാധുത നൽകുന്നതോ ആകുന്ന ഒരു നടപടിയെയും അംഗീകരിക്കില്ലെന്ന് ഉച്ചകോടി വ്യക്തമാക്കി.

ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നൽകുന്നതിനെ പിന്തുണക്കുകയും ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പ്രസക്തമായ അന്താരാഷ്ട്ര സംഘടനകളിൽ ഫലസ്തീനികൾ മതിയായ പ്രാതിനിധ്യം നേടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബ്രിക്സ് കറൻസി നിലവിൽ പരിഗണനയിലില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. അംഗരാജ്യങ്ങൾക്കിടയിൽ പ്രാദേശിക കറൻസികളിൽ വ്യാപാര ഇടപാടുകൾ വ്യാപിപ്പിക്കാനും ധാരണയായി. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അവസരം ലഭിച്ചെന്ന് മോദി പറഞ്ഞു. ബ്രിക്സിന് ചൈനയിൽ നിന്ന് ലഭിച്ച പിന്തുണയ്ക്കും സഹകരണത്തിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!