KSDLIVENEWS

Real news for everyone

നെതന്യാഹുവിൻ്റെ മേക്കപ്പിന് ചെലവ് 4 കോടി: യുദ്ധകാലത്ത് മുടി സ്റ്റൈൽ ചെയ്യാൻ 22 ലക്ഷം രൂപ; കണക്കുകൾ പുറത്ത്

SHARE THIS ON

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും തങ്ങളുടെ മുടി സ്റ്റൈൽ ചെയ്യുന്നതിനും മേക്കപ്പിനുമായി ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ചതിന്റെ കണക്കുകൾ പുറത്ത്. 2019 മുതൽ 2026 ആഗസ്റ്റ് വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 4.7 ലക്ഷം ഡോളറിലധികം (ഏകദേശം 4 കോടി രൂപ) ഇരുവരുടെയും മേക്കപ്പിനും ഹെയർ സ്റ്റൈലിങ്ങിനും ചെലവഴിച്ചതായാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രവർത്തകർ നൽകിയ ഹരജിയെത്തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ബിന്യാമിൻ നെതന്യാഹു, നഫ്താലി ബെന്നറ്റ്, യായിർ ലാപിഡ് എന്നിവരാണ് കഴിഞ്ഞ ഏഴ് വ‍ർഷത്തിനുള്ളിൽ ഇസ്രായേലിൽ പ്രധാനമന്ത്രിമാരായിരുന്നത്. ഈ പ്രധാനമന്ത്രിമാരുടെ മേക്കപ്പിനും ഹെയർ സ്റ്റൈലിങ്ങിനുമായി ഖജനാവിൽ നിന്ന് ചെലവഴിച്ച തുകയുടെ 90 ശതമാനവും ബിന്യമിൻ നെതന്യാഹുവിനും ഭാര്യയ്ക്കും വേണ്ടിയായിരുന്നു.

2025ലാണ് മേക്കപ്പ് ഇനത്തിൽ ഏറ്റവും കൂടുതൽ തുക ചെലവായത്, ഏകദേശം 93 ലക്ഷം രൂപ. വിദേശ സന്ദർശന വേളകളിലും ലക്ഷക്കണക്കിന് രൂപ മേക്കപ്പിനായി ചെലവാക്കി. 2025 ഫെബ്രുവരിയിലെ വാഷിംഗ്ടൺ സന്ദർശനത്തിൽ ഹെയർ സ്റ്റൈലിസ്റ്റിനും മേക്കപ്പ് ആർട്ടിസ്റ്റിനുമായി മാത്രം 11 ലക്ഷത്തോളം രൂപയും 2024 ജൂലൈയിലെ അമേരിക്കൻ യാത്രയിൽ 9.6 ലക്ഷം രൂപയും ചെലവിട്ടു.

2023ൽ ഗസ യുദ്ധം രൂക്ഷമായ സമയത്തുപോലും മേക്കപ്പ് ഇനത്തിൽ വൻതുക ചെലവാക്കി. 2023 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മൂന്ന് മാസത്തിനിടെ 35 ലക്ഷത്തോളം രൂപയാണ് മേക്കപ്പിനും ഹെയർ സ്റ്റൈലിങ്ങിനുമായി ചെലവായത്.

മേക്കപ്പിനായി ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ടെങ്കിലും പ്രധാനമന്ത്രിയുടെ ഹെയർ സ്റ്റൈലിസ്റ്റിന്റെയും മേക്കപ്പ് ആർട്ടിസ്റ്റിന്റെയും പേരുകൾ രേഖകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ‘ദേശീയ സുരക്ഷ’ ചൂണ്ടിക്കാട്ടിയാണ് ഈ വിവരങ്ങൾ മറച്ചുവെച്ചതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

വസ്ത്രങ്ങൾക്കും ഔദ്യോഗിക സൽക്കാരങ്ങൾക്കുമായി നെതന്യാഹു 1.12 കോടിയോളം രൂപ ചെലവഴിച്ചപ്പോൾ മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റ് 16 ലക്ഷം രൂപയും യായിർ ലാപിഡ് 2.2 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.

നേരത്തെയും തങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് പൊതുപണം വൻതോതിൽ ഉപയോഗിച്ചതിന് നെതന്യാഹു ദമ്പതികൾ വിമർശനങ്ങൾ നേരിട്ടിരുന്നു. പുതിയ കണക്കുകൾ പുറത്തുവന്നതോടെ ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്തുവെന്ന ആരോപണം ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!