KSDLIVENEWS

Real news for everyone

19 വരെ ലോഡ് ഷെഡിങ്ങോ, പവര്‍ കട്ടോ ഇല്ല; കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങും; മന്ത്രി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 19 വരെ കൂടുതല്‍ വൈദ്യുതി നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കല്‍ക്കരി ക്ഷാമം കാരണം കേരളത്തിന് പുറത്തു നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ട്. ഇപ്പോള്‍ പൊതുജനത്തിന് ബുദ്ധിമുട്ടില്ലാത്ത ചില നിയന്ത്രണങ്ങളിലൂടെയാണ് വൈദ്യുതി വിതരണം തടസപ്പെടാതെ നടത്തുന്നത്. ഇതിനപ്പുറം ലോഡ് ഷെഡിങ്ങോ, പവര്‍ കട്ടോ ഇപ്പോള്‍ ഏര്‍പ്പെടുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

19ന് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. വൈദ്യതി ലഭ്യതയിലെ കുറവിനെപ്പറ്റി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം പത്രസമ്മേളനത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.

ദിവസം 300 മെഗാവാട്ടിന്റെ കുറവുണ്ട്. ദിവസവും 100 മെഗാവാട്ട് കൂടിയ വിലയ്ക്ക് വാങ്ങി തത്കാലം പ്രതിസന്ധി പരിഹരിക്കും. രണ്ട് കോടിയാണ് ഇതിനു വേണ്ടത്. അധികച്ചെലവ് നേരിടാന്‍ കെഎസ്‌ഇബിക്ക്‌ സര്‍ക്കാരിന്റെ സഹായം ലഭിച്ചാല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് വൈദ്യുതി നല്‍കിയിരുന്ന രണ്ടു താപനിലയങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി. മറ്റു പല വൈദ്യുതി നിലയങ്ങളും വിഹിതം കുറച്ചു. 3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം വേണ്ടത്. ഇതില്‍ 1600 മെഗാവാട്ട് ആഭ്യന്തര ഉത്‌പാദനവും 2200 മെഗാവാട്ട് കരാര്‍ പ്രകാരം ലഭിക്കേണ്ടതുമാണ്. ഇപ്പോള്‍ 1800 മുതല്‍ 1900 വരെമാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനു പകരമായാണ് വലിയ വിലനല്‍കി വൈദ്യുതി വാങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!