KSDLIVENEWS

Real news for everyone

ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും

SHARE THIS ON

ന്യൂഡൽഹി: ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും. സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരുമായി ചർച്ച നടത്തി. ക്രിമിനൽ നടപടിചട്ടം 482 പ്രകാരം നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകേണ്ടത് സുപ്രീം കോടതിയിലാണെന്നാണ് കേരളത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ഹൈക്കോടതിയിൽ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകർ ഉൾപ്പടെയുള്ളവരുമായാണ് സർക്കാർ ചർച്ച നടത്തുന്നത്. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടത്തിലെ 482 -ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതിനാൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാരിന് ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയില്ലെന്നാണ് മുതിർന്ന അഭിഭാഷകർ സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

അതേസമയം, എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാക് ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരമാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്. അതിനാൽ യുണിടാക്കിന് സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാവുന്നതാണ്. സംസ്ഥാന സർക്കാരിന്റെയും യൂണിടാക്കിന്റെയും ഹർജികളിൽ ഹൈക്കോടതി ഒറ്റ ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. നേരിട്ട് സുപ്രീം കോടതിയിൽ എത്തുന്നതിന് പകരം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ യൂണിടാക് നൽകുന്ന ഹർജിയിൽ ഹാജരായി സിബിഐ അന്വേഷണത്തിന് എതിരായ നിലപാട് സ്വീകരിച്ചാൽ മതിയെന്ന അഭിപ്രായവും സർക്കാരിലെ ചില ഉന്നതർക്കുണ്ട്.

കേസ് അന്വേഷണത്തിന്റെ തുടർ നടപടികളിലേക്ക് സിബിഐ ഉടൻ കടന്നേക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതിനാൽ അപ്പീൽ നൽകുന്നത് സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം വൈകില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!