ജോഡോ ഇഫക്ട് ; നടന്ന് കയറിയത് ജന ഹൃദയത്തിലേക്ക്; വെറുപ്പിന്റെ കമ്പോളത്തിലെ സ്നേഹക്കട: കർണാടകയുടെ സല്യൂട്ട് രാഹുലിന്

തുറന്നുപിടിച്ച കൈകളുമായി, ലാളിത്യത്തോടെ, ഒരു മനുഷ്യൻ പുഞ്ചിരിച്ച് നടന്നു വന്നപ്പോൾ കന്നഡിഗർ സന്തോഷത്തോടെ ഹൃദയവാതിൽ തുറന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത സാഹസിക നടത്തത്തിനുള്ള സ്നേഹസമ്മാനം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ആ സ്നേഹതരംഗം അലയടിച്ചപ്പോൾ കോൺഗ്രസിനു ലഭിച്ചതു മിന്നുന്ന ജയം; ഒറ്റയ്ക്കു കേവല ഭൂരിപക്ഷവും കടന്നുള്ള സഞ്ചാരം. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ഏക കവാടം താഴിട്ടുപൂട്ടിയാണു കോൺഗ്രസിനോടുള്ള കൂറ് വോട്ടർമാർ അടയാളപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവംപോലും മറികടന്നുള്ള വിജയത്തിനു കോൺഗ്രസിനു കരുത്തായത് ആ നടത്തമാണ്– രാഹുൽ ഗാന്ധി മുന്നിൽനിന്നു നയിച്ച ഭാരത് ജോഡോ യാത്ര.
കർണാടകയിലെ 51 മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. ഇതിൽ 36 സീറ്റിലും കോൺഗ്രസ് തിളക്കമേറിയ മുന്നേറ്റം കാഴ്ചവച്ചെന്നതു ശ്രദ്ധേയം. പാർട്ടിയുടെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയുടെ നാളുകളിലാണ് ഭാരത യാത്രയ്ക്കു രാഹുൽ മുന്നിട്ടിറങ്ങിയത്. 2022 സെപ്റ്റംബർ ഏഴിനു കന്യാകുമാരിയിൽ നിന്നാരംഭിച്ച പദയാത്ര 12 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും കടന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിലാണു സമാപിച്ചത്.
136 ദിവസം കൊണ്ട് പിന്നിട്ടത് നാലായിരത്തിലേറെ കിലോമീറ്റർ ദൂരം. ഡൽഹിയിലിരുന്നല്ല, ജനങ്ങളിലേക്കും പ്രവർത്തകരിലേക്കും ഇറങ്ങിച്ചെന്നാണു കോൺഗ്രസ് നഷ്ടപ്രതാപം തിരിച്ചുപിടിക്കേണ്ടതെന്ന നിലപാടായിരുന്നു യാത്രയുടെ ഇന്ധനം. ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട’ തുറക്കുമെന്ന രാഹുലിന്റെ പ്രഖ്യാപനത്തിനോടു കന്നഡ മക്കളുടെ സ്നേഹവായ്പാണ് ഈ വിജയമെന്നു കോൺഗ്രസ് കരുതുന്നു.
കുടുംബാധിപത്യത്തിലൂടെ നേതാവായെന്നും രാഷ്ട്രീയ സ്ഥിരതയില്ലെന്നും അവധി ആഘോഷിക്കാൻ വിദേശത്തേക്കു പോകുന്നുവെന്നും ബിജെപി നിരന്തരം ഉയർത്തിയ ആക്ഷേപങ്ങൾക്കുള്ള മറുപടിയായിരുന്നു രാഹുലിന്റെ യാത്ര. ജോഡോ യാത്രയിലുടനീളം ജനപിന്തുണ ഉറപ്പാക്കുന്നതിൽ പാർട്ടി വിജയിച്ചു. പ്രതിപക്ഷത്തെ ഡിഎംകെ, എൻസിപി, ശിവസേന, നാഷനൽ കോൺഫറൻസ്, പിഡിപി എന്നിവയുടെ മുൻനിര നേതാക്കൾ യാത്രയിൽ അണിചേർന്നു.
കർണാടകയിൽ സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ തുടങ്ങിയവർ രാഹുലിനൊപ്പം ജോഡോ യാത്രയിൽ പങ്കെടുത്തപ്പോൾ.
അഖിലേഷ് യാദവ് (എസ്പി), മായാവതി (ബിഎസ്പി) എന്നിവർ ആശംസകൾ അർപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി, മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ, ചലച്ചിത്രതാരം കമൽഹാസൻ, സാമൂഹിക പ്രവർത്തക മേധാ പട്കർ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തവും ശ്രദ്ധേയമായി.
ജോഡോ യാത്രയുടെ ആദ്യ രാഷ്ട്രീയ വിജയമാണ് കർണാടകയിലേതെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ‘‘രാഹുലിന്റെ ജോഡോ യാത്രയിൽ അനുഭവപ്പെട്ട അന്തരീക്ഷത്തിനു സമാനമാണ് കർണാടക തിരഞ്ഞെടുപ്പിൽ സംഭവിച്ചിരിക്കുന്നത്. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിൽ മികച്ച പ്രചാരണം കോൺഗ്രസ് കാഴ്ചവച്ചു. വർഗീയ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ കർണാടക, വികസന രാഷ്ട്രീയം തിരഞ്ഞെടുത്തു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലും ഇതു തുടരും’’– രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെലോട്ട് വ്യക്തമാക്കി.

