KSDLIVENEWS

Real news for everyone

കര്‍ണാടക തൂത്തുവാരി കോണ്‍ഗ്രസ്, ബി.ജെ.പി ഓഫീസില്‍ മൂര്‍ഖന്‍; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍

SHARE THIS ON

അന്ന് ഗംഭീറിന്റെ ടീമിനെ തോല്‍പ്പിച്ചു, ഇന്ന് പാര്‍ട്ടിയെയും; കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ട്വിറ്റര്‍ ട്രോള്‍മഴ

കര്‍ണാടകയിലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട പരാജയത്തെ പാര്‍ട്ടി എം.പിയായ ഗൗതം ഗംഭീറിന്റെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്റെ തോല്‍വിയോട് ചോര്‍ത്തുവായിച്ച്‌ ട്വിറ്റര്‍ ലോകം. മേയ് ഒന്നിന് നടന്ന ഐ.പി.എല്‍ പോരാട്ടത്തില്‍ കര്‍ണാടകയുടെ സ്വന്തം ടീമായ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഗംഭീര്‍ മെന്‍ററായ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ബാംഗ്ലൂര്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുമായി ഗൗതം ഗംഭീറടക്കമുള്ളവര്‍ ഗ്രൗണ്ടില്‍ വെച്ച്‌ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇവര്‍ക്ക് ഐ.പി.എല്‍ പെരുമാറ്റചട്ടം ലംഘിച്ചതിന് ബി.സി.സി.ഐ പിഴ ഈടാക്കിയിരുന്നു. കോഹ്ലിക്കും ഗൗതം ഗംഭീറിനും മാച്ച്‌ ഫീയുടെ നൂറു ശതമാനമാണ് പിഴ വിധിച്ചത്. ലഖ്‌നൗവിന്റെ അഫ്ഗാന്‍ താരം നവീനുല്‍ ഹഖിന് അമ്ബത് ശതമാനവും പിഴ വിധിച്ചു.

‘കര്‍ണാടകയിലേതിന് അഭിനന്ദനങ്ങള്‍’; ബി.ജെ.പി നേതാവ് അമിത് മാളവ്യയെ ട്രോളി ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത

കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ ചരിത്ര വിജയം എങ്ങും ആഘോഷവും ചര്‍ച്ചയുമായിരിക്കെ യു.പിയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്‍റെ വിവരങ്ങള്‍ പങ്കുവെച്ച ബി.ജെ.പി ഐ.ടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യയെ ട്രോളി ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്‍ത. ഉത്തര്‍പ്രദേശിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ വിജയം നേടിയെന്ന ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് ഹന്‍സല്‍ മെഹ്ത അമിത് മാളവ്യക്ക് അഭിനന്ദനം നേര്‍ന്നത്. യു.പിയിലെ 17ല്‍ 16 കോര്‍പ്പറേഷന്‍ സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്യുന്നുവെന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. ഇത് റീ ട്വീറ്റ് ചെയ്ത് ‘കര്‍ണാടകയിലേതിന് അഭിനന്ദനങ്ങള്‍’ എന്ന് ഹന്‍സല്‍ മെഹ്ത തിരിച്ചടിച്ചു. ഹന്‍സല്‍ മെഹ്തയുടെ ട്വീറ്റിന് താഴെ നിരവധി പേരാണ് ബി.ജെ.പി നേതാവിനെ പരിഹസിച്ച്‌ രംഗത്തുവന്നിരിക്കുന്നത്. സുരക്ഷിതനായിരിക്കണമെന്നും ഇ.ഡിയും സിബിഐയും വന്നേക്കാമെന്നും ഒരാള്‍ ഹന്‍സലിന്‍റെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തു.

കര്‍ണാടക വിജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

കര്‍ണാടക തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കാളികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മോദി നന്ദിയും പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം.

“കര്‍ണടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിനന്ദനങ്ങള്‍. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ അവര്‍ക്ക് എന്റെ ആശംസകള്‍” മോദി ട്വീറ്റ് ചെയ്തു.

“കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഞങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ ഞങ്ങള്‍ കര്‍ണാടകയെ സേവിക്കും”- മറ്റൊരു ട്വീറ്റില്‍ മോദി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപിയെ കെട്ടുകെട്ടിച്ച്‌ 224ല്‍ 137 സീറ്റുകള്‍ നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെയാണ് മികച്ച വിജയത്തോടെ കോണ്‍ഗ്രസിന്റെ വമ്ബന്‍ തിരിച്ചുവരവ്.

കേവലം 64 സീറ്റുകളിലേക്ക്‌ ബിജെപി മൂക്കുകുത്തി വീണപ്പോള്‍ എച്ച്‌.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസിന് 20 സീറ്റുകളും മറ്റുള്ളവര്‍ക്ക് നാല് സീറ്റുകളും ലഭിച്ചു.

സംസ്ഥാനത്ത് നേരിട്ടെത്തി മോദി നടത്തിയ വലിയ പ്രചരണങ്ങളും റാലികളുമെല്ലാം പൂര്‍‍ണമായും പരാജയപ്പെട്ടെന്ന് തെളിയിക്കുന്നതു കൂടിയാണ് തെര‍ഞ്ഞെടുപ്പ് ഫലം. കര്‍ണാടകയില്‍ ബിജെപിയുടെ മോദി ഫാക്ടര്‍ പൂര്‍ണമായും തകര്‍ന്നടിയുകയായിരുന്നു. 33 റാലികളും 28 റോഡ് ഷോകളുമുള്‍പ്പെടെയുള്ള വമ്ബന്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടും അതൊന്നും കാര്യമുണ്ടാക്കിയില്ല.

കര്‍ണാടകയിലെ ബിജെപി ഓഫീസില്‍ മൂര്‍ഖന്‍; പൊലീസെത്തി രക്ഷപ്പെടുത്തി

കര്‍ണാടകയില്‍ വോട്ടെണ്ണെല്‍ പുരോഗമിക്കവെ ഷിഗ്ഗാവോണിലെ ബിജെപി ഓഫീസില്‍ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെത്തി. ഇന്ന് രാവിലെയാണ് ഷിഗ്ഗാവോണിലെ ക്യാമ്ബ് ഓഫീസില്‍ അപ്രതീക്ഷിത അതിഥിയായി മൂര്‍ഖന്‍ പാമ്ബ് കയറിവന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഓഫീസിലെത്തിയ ഉടനെയാണ് ഓഫീസ് പരിസരത്ത് പാമ്ബിനെ കണ്ടത്. പാമ്ബിനെ കണ്ട പാര്‍ട്ടി പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ആദ്യം ഭയന്നകന്നു. പിന്നീട് അല്‍പ്പ സമയത്തിനകം പൊലീസ് സഹായത്തോടെയാണ് പാമ്ബിനെ പരിസരത്ത് നിന്നും രക്ഷപ്പെടുത്തി കെട്ടിടം സുരക്ഷിതമാക്കിയത്.

‘ദ്രാവിഡ നാട്ടില്‍ നിന്നും ബിജെപിയെ തുരത്തി’; കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ സ്റ്റാലിന്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ചരിത്ര വിജയം ഉറപ്പിച്ചതോടെ അഭിനന്ദനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ദ്രാവിഡ നാട്ടില്‍ നിന്നും ബിജെപിയെ പൂര്‍ണമായും തുരത്തിയതായി സ്റ്റാലിന്‍ ട്വിറ്ററില്‍ പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും പുനഃസ്ഥാപിക്കുന്നതിനായി 2024ലെ പൊതുതെരഞ്ഞെടുപ്പ് വിജയിക്കാന്‍ എല്ലാവര്‍ക്കും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതും രാജ്യത്തെ ഉയര്‍ന്ന അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തതും ഹിന്ദി അടിച്ചേല്‍പ്പിച്ചതും വ്യാപകമായ അഴിമതികളും കര്‍ണാടകയിലെ ജനങ്ങള്‍ വോട്ട് ചെയ്യും മുമ്ബ് മനസ്സില്‍ ഓര്‍ത്തതായി സ്റ്റാലിന്‍ പറഞ്ഞു. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് കൃത്യമായ മറുപടി നല്‍കി കന്നഡിക അഭിമാനം ഉയര്‍ത്തി പിടിച്ചതായും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

‘സര്‍, നിങ്ങള്‍ക്ക് ഞാന്‍ മൈസൂര്‍ പാക്ക് കൊടുത്തയയ്ക്കാം’; അധിക്ഷേപിച്ച ബിജെപി നേതാവിനോട് രാജ്ദീപ് സര്‍ദേശായി

ചാനല്‍ ചര്‍ച്ചയ്ക്കിടെ വ്യക്തിപരമായി അധിക്ഷേപിച്ച ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യയോട് ‘മധുരപ്രതികാരം’ ചെയ്ത് ചാനല്‍ അവതാരകന്‍ രാജ്ദീപ് സര്‍ദേശായി. വാജ്‌പേയിയും അദ്വാനിയും പ്രതിനിധാനം ചെയ്ത പാര്‍ട്ടിയിലാണ് താങ്കളെന്നും അധിക്ഷേപത്തിന് പകരമായി മൈസൂര്‍ പാക്ക് കൊടുത്തയയ്ക്കാമെന്നും സര്‍ദേശായി പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പ് വിധിയുമായി ബന്ധപ്പെട്ട ഇന്ത്യ ടുഡേ ചാനല്‍ ചര്‍ച്ചയിലായിരുന്നു ഇരുവരും തമ്മിലുള്ള വാഗ്വാദം. ചോദ്യം ഉന്നയിച്ച രാജ്ദീപിനോട്, ‘കര്‍ണാടകയില്‍ ഹിജാബ്, ഹലാല്‍ തുടങ്ങിയ വിഷയങ്ങള്‍ തോല്‍വിക്ക് കാരണമായി എന്ന് പറയുന്നത് നിങ്ങളുടെ പ്രൊപ്പഗണ്ടയാണ്. ബിജെപി എങ്ങനെ 2024ല്‍ വിജയിച്ചു എന്ന മൂന്നാമത്തെ പുസ്തകം നിങ്ങള്‍ എഴുതേണ്ടി വരും. നിങ്ങള്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കണം. സോണിയാ ഗാന്ധിയോട് പറഞ്ഞ് ഒരു രാജ്യസഭാ സീറ്റ് തരപ്പെടുത്തണം.’ എന്നാണ് മാളവ്യ പറഞ്ഞത്.

‘നിങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിക്കുമ്ബോഴെല്ലാം ഞാന്‍ ചിരിക്കുകയായിരുന്നു. നിങ്ങള്‍ വാജ്‌പേയിയുടെയും അദ്വാനിയുടെയും പാര്‍ട്ടിക്കാരനാണ്. തോല്‍ക്കുമ്ബോള്‍ ചിരിക്കുകയായിരുന്നു അവര്‍. വ്യക്തി വിദ്വേഷത്തിലേക്ക് ഇതിനെ ചുരുക്കരുത്. എന്നെ വിരട്ടാന്‍ നോക്കേണ്ട. ഒരു നല്ല ദിനം നേരുന്നു. ഞാന്‍ നിങ്ങള്‍ക്ക് മൈസൂര്‍ പാക്ക് അയച്ചുതരാം. ഇതെന്റെ വാഗ്ദാനമാണ്. നിങ്ങള്‍ യുപിയിലെ ലഡു എനിക്കയച്ചു തരൂ’ – എന്നായിരുന്നു രാജ്ദീപിന്റെ മറുപടി.

പ്രധാനമന്ത്രി വന്നാലും ഒന്നും സംഭവിക്കില്ലെന്ന് ഇപ്പോള്‍ മനസിലായി: സിദ്ധരാമയ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാലും കര്‍ണാടകയില്‍ ഒന്നും സംഭവിക്കില്ലെന്നും ഇപ്പോള്‍ അതു വ്യക്തമായെന്നും സിദ്ധരാമയ്യ പറഞ്ഞു. ”ഞങ്ങള്‍ 120 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ഞങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദിന് നോബോള്‍ അനുവദിച്ചില്ല; ലഖ്‌നൗ ഡഗ്ഗൗട്ടിലേക്ക് വസ്തുക്കള്‍ വലിച്ചെറിഞ്ഞ് കാണികള്‍, മത്സരം തടസ്സപ്പെട്ടു

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെയുള്ള ഐ.പി.എല്‍ മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് നോബോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കാണികളുടെ പ്രതിഷേധം. ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്റെ ഡഗ്ഗൗട്ടിലേക്ക് പലതും വലിച്ചെറിഞ്ഞാണ് കാണികള്‍ പ്രതിഷേധിച്ചത്. ഇതോടെ പത്ത് മിനിട്ടോളം മത്സരം തടസ്സപ്പെട്ടു. ലഖ്‌നൗ താരങ്ങളും സ്റ്റാഫും കൂടി നിന്നതോടെ ഫീല്‍ഡ് അംപയര്‍മാര്‍ ഇടപെട്ടു.

സഞ്ജുപ്പട സൂക്ഷിച്ചോ; ഹൈദരാബാദിനെ തോല്‍പ്പിച്ച്‌ ലഖ്‌നൗ മുന്നോട്ട്

ഐ.പി.എല്‍ പ്ലേ ഓഫ് റൗണ്ടിലേക്ക് അടുക്കവേ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച്‌ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മുന്നോട്ട്. ഏഴു വിക്കറ്റിനാണ് ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ വെച്ച്‌ ടീം തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 182 റണ്‍സാണ് നേടാനായത്. ഈ സ്‌കോര്‍ 19.2 ഓവറില്‍ ലഖ്‌നൗ പട മറികടന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് ടീം നേടിയത്. പ്രേരക് മങ്കാദ് (64), നിക്കോളാസ് പൂരന്‍ (44), മാര്‍കസ് സ്‌റ്റോണിസ് (40) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് സന്ദര്‍ശകര്‍ക്ക് തുണയായത്. കേവലം 13 പന്തില്‍ നിന്നാണ് നിക്കോളാസ് 44 റണ്‍സെടുത്തത്. സ്‌റ്റോണിസിന്റെ വേട്ട 25 പന്തില്‍ നിന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!