ആശങ്കകളും പരാതികളും: തീവണ്ടിയിൽ ആർ.എ.സി. ടിക്കറ്റുകൾ ഒഴിവാക്കാൻ ആലോചന

പയ്യന്നൂർ: തീവണ്ടിയിൽ റിസർവേഷൻ എഗൻസ്റ്റ് കാൻസലേഷൻ (ആർ.എ.സി.) ടിക്കറ്റുകൾ ഒഴിവാക്കിയേക്കുമെന്ന് സൂചന. യാത്രക്കാരുടെ ഒറ്റ ബെർത്തിലെ സൗകര്യത്തെക്കുറിച്ചുള്ള ആശങ്കകളും പരാതികളും ഏറിയ സാഹചര്യത്തിലാണ് ഈ നീക്കം. നിലവിൽ ആർ.എ.സി. സംവിധാനത്തിൽ രണ്ട് യാത്രക്കാർക്ക് ഒരു ബെർത്ത് മാത്രമാണ് അനുവദിക്കുന്നത്. ഉറങ്ങാൻ പറ്റാത്ത പകുതി സ്ഥലത്തിന് ഇവരിൽനിന്ന് മുഴുവൻ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. വന്ദേസ്ലീപ്പറിൽ പൂർണമായും കൺഫേം ചെയ്ത ബെർത്തുകൾ മാത്രമാണ് അനുവദിക്കുന്നത്. ആർ.എ.സി. ഇല്ല.
സാധാരണ സ്ലീപ്പർ കോച്ചിൽ ഏഴ് ബെർത്തുകൾ (സൈഡ് ലോവർ) ആണ് ആർ.എ.സി. ടിക്കറ്റുകാർക്ക് നൽകുന്നത്. ഏഴ് ബെർത്തിൽ 14 പേർ ഇരിക്കണം. തേർഡ് എ.സി. കോച്ചിൽ അഞ്ച് ആർ.എ.സി. ബെർത്താണ് ഉണ്ടാകുക. എൽ.എച്ച്.ബി. കോച്ചുകളിൽ ആറ് ആർ.എ.സി. ബെർത്തുണ്ടാകും. സെക്കൻഡ് എ.സി.യിൽ (ടു ടയർ) മൂന്ന് ബെർത്തുകളാണ് സാധാരണ ആർ.എ.സി.ക്കാർക്ക് നൽകുന്നത്. എൽ.എച്ച്.ബി. കോച്ചുകളിൽ ഇതു മാറും.
ഒരു ബെർത്തിൽ രണ്ടു യാത്രക്കാർ എന്നത് ചെറുദൂര യാത്രയ്ക്ക് വലിയ പ്രശ്നം വരില്ലെങ്കിലും ദീർഘദൂര യാത്രയിലാണ് പ്രശ്നങ്ങൾ പരാതിയായി വരുന്നത്. ആർ.എ.സി.ക്കാർ താഴെ (സൈഡ് ലോവർ ബെർത്ത്) ഇരുന്നാൽ മുകളിൽ (സൈഡ് അപ്പർ) ഇരിക്കുന്ന യാത്രക്കാരന് നിർദിഷ്ട സമയം അനുവദിച്ച താഴെയുള്ള ഒരു സീറ്റിനെ ചൊല്ലി തർക്കം രൂക്ഷമാകാറുണ്ട്.
ആർ.എ.സി. ടിക്കറ്റിലുള്ള രണ്ട് യാത്രക്കാരിൽ ആരാണ് എഴുന്നേറ്റ് കൊടുക്കേണ്ടത് എന്നത് കോച്ചിനുള്ളിൽ വലിയ വിഷയമാകാറുണ്ട്.യാത്രക്കാർക്ക് പൂർണമായ ബെർത്തുകൾ ഉറപ്പാക്കണം എന്നതാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. അഥവാ ആർ.എ.സി. ടിക്കറ്റ് നൽകുന്നുണ്ടെങ്കിൽ പകുതി നിരക്ക് ഈടാക്കണമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

