KSDLIVENEWS

Real news for everyone

കർണാടക മലയോര പാതകളിലൂടെ കുതിക്കാൻ വന്ദേഭാരത്! ഗോവ-മംഗളൂരു സർവീസ് ബെംഗളൂരുവിലേക്ക് നീട്ടി; ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിർവ്വഹിക്കും

SHARE THIS ON

ഗോവയിലെ മഡ്ഗാവിൽ നിന്ന് മംഗളൂരു വരെ സർവീസ് നടത്തിയിരുന്ന വന്ദേഭാരത് എക്സ്പ്രസ് ഐടി നഗരമായ ബെംഗളൂരുവിലേക്ക് നീട്ടി നൽകാൻ റെയിൽവേ.

നവംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതോടെ മഡ്ഗാവ് – യശ്വന്ത്പുർ പാതയിൽ പുതിയ വന്ദേഭാരത് സർവീസ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. ബെംഗളൂരുവിൽ നിന്ന് ബുധനാഴ്ചയും ഗോവയിൽ നിന്ന് വ്യാഴാഴ്ചയും ഒഴിച്ച് ആഴ്ചയിൽ ആറു ദിവസവും ഈ ട്രെയിൻ ഇരുദിശകളിലേക്കും യാത്രക്കാർക്കായി ഓടും. യശ്വന്ത്പൂരിൽ നിന്ന് രാവിലെ 7.35-ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.55-ന് ഗോവയിലെത്തുമ്പോൾ, തിരികെ ഗോവയിൽ നിന്ന് രാവിലെ 8.20-ന് പുറപ്പെട്ട് രാത്രി 9.15-ഓടെ യശ്വന്ത്പൂരിൽ എത്തിച്ചേരും.

ശ്രാവണബെലഗോള, ഹാസൻ, സക്ലേഷ്പുര, സുബ്രഹ്മണ്യ റോഡ്, കബക്കാപുത്തൂർ, മംഗളൂരു ജംഗ്ഷൻ, തൊക്കൂർ, ഉഡുപ്പി, കുന്താപ്പുര, മൂകാംബിക റോഡ് ബൈന്ദൂർ, മുരുഡേശ്വർ, ഗോകർണ റോഡ്, കാർവാർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

എന്നാൽ, പാതയിലെ ഭൂപ്രകൃതിയും സങ്കീർണ്ണമായ മലയോര റൂട്ടും കാരണം മണിക്കൂറിൽ ശരാശരി 54 കിലോമീറ്റർ മാത്രമായിരിക്കും ഈ വന്ദേഭാരതിന്റെ വേഗത. ഇതോടെ രാജ്യത്ത് ഏറ്റവും വേഗത കുറഞ്ഞ വന്ദേഭാരത് സർവീസുകളിലൊന്നായി ഇത് മാറും. അതേസമയം, മലബാറിലെ യാത്രക്കാരുടെ നീണ്ടനാളത്തെ ആവശ്യമായിരുന്ന ഗോവ – മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന നിർദ്ദേശം റെയിൽവേ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് ബെംഗളൂരുവിലേക്ക് പാത മാറ്റിയത്. മംഗളൂരു വഴി ഗോവയിലേക്കും കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്ന മലയാളി യാത്രക്കാർക്കും പുതിയ സർവീസ് പ്രയോജനപ്പെടുമെങ്കിലും കോഴിക്കോട്ടേക്ക് നീട്ടാത്തതിൽ മലബാർ മേഖലയിലുള്ളവർക്ക് നിരാശയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!