അനധികൃത മണൽക്കടവുകൾക്കെതിരെ നടപടി ശക്തമാക്കി പൊലീസ്; 9 തോണികൾ തകർത്തു

കാസർകോട് ∙ അനധികൃതമായി മണലെടുക്കുന്ന കടവുകൾക്കെതിരെ നടപടികൾ ശക്തമാക്കി പൊലീസ്. രണ്ടിടങ്ങളിൽ നിന്നായി മണലെടുക്കാൻ ഉപയോഗിച്ചിരുന്ന 9 തോണികൾ നശിപ്പിച്ചു. ഒരു ലോഡ് മണൽ പിടികൂടി. ഷിറിയ പുഴയിലെ പി.കെ.നഗർ, ഒളയം എന്നിവിടങ്ങളിലെ അനധികൃത കടവുകളിൽ നിന്നായി മണൽ വാരി നിറച്ചിരുന്ന 5 തോണികളാണു പിടികൂടി നശിപ്പിച്ചത്. കുമ്പള സിഐ പി.പ്രമോദ്, എസ്ഐ വി.കെ.അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സുധീർ, അനുപ്,ദീപു, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടിയെടുത്തത്.
വിദ്യാനഗർ എസ്ഐ കെ.പ്രശാന്തിന്റെ നേതൃത്വത്തിൽ ചേരൂർക്കടവിൽ നടത്തിയ പരിശോധനയിൽ മണൽ എടുക്കാനായി ഉപയോഗിച്ചിരുന്ന 4 തോണികകളാണു പിടികൂടി നശിപ്പിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു തോണികൾ തകർത്തു. ഈ എഎസ്ഐമാരായ എം.രഘുനാഥൻ, കെ.രമേശൻ, സിവിൽ പൊലീസ് ഓഫിസർമാരായ സിയാദ്, അബ്ദുൽസലാം, ബിജു, ഹരിലാൽ, വാമനൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
മൊഗ്രാൽപുത്തൂർ കടവിൽ നിന്നു ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന ഒരു ലോഡ് മണലാണു കാസർകോട് ടൗൺ പൊലീസ് പിടികൂടിയത്. അനധികൃത കടവുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മണൽ സൂക്ഷിക്കാൻ സ്ഥലം ഒരുക്കി കൊടുക്കുന്ന ഉടമകൾക്കെതിരെയും മറ്റു സഹായങ്ങൾ ചെയ്തു നൽകുന്നവർക്കെതിരെയും നടപടിയെടുക്കുമെന്നു കാസർകോട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു.

