ഓണ്‍ലൈന്‍ വില്‍പ്പന: BIS നിലവാരമുള്ള ഉത്പന്നങ്ങള്‍ക്കുമാത്രം അനുമതി നല്കാന് നീക്കം

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് കമ്പനികള്‍ വഴി ഓണ്‍ലൈനായി വില്‍ക്കുന്ന ഉത്പന്നങ്ങളുടെ നിലവാരം ഉറപ്പാക്കാന്‍ സംവിധാനം വരുന്നു. ഇതിനായി ഉപഭോക്തൃകാര്യ മന്ത്രാലയം പ്രവര്‍ത്തനം തുടങ്ങി. ബി.ഐ.എസ്. നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ക്കുമാത്രം ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് അനുവാദംനല്കാനാണ് നീക്കം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവയടക്കം ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബി.ഐ.എസ്.) അധികൃതര്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നു.
തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനക്കാര്‍ നല്‍കുന്നത് ബി.ഐ.എസ്. നിലവാരമുള്ള ഉത്പന്നങ്ങളാണോയെന്ന് ഉറപ്പാക്കാന്‍ മാര്‍ഗമില്ലെന്ന് കമ്പനികള്‍ അറിയിച്ചു. ഇതിനു പരിഹാരമായി വില്‍പ്പനക്കാര്‍ സമര്‍പ്പിക്കുന്ന ലൈസന്‍സുകള്‍ ഓട്ടോമാറ്റിക്കായി പരിശോധിച്ച് ഉറപ്പാക്കാന്‍ ബി.ഐ.എസ്. സഹായിക്കും. ഇതിനായി ബി.ഐ.എസും കമ്പനികളും ചേര്‍ന്ന് സാങ്കേതികസംവിധാനം വികസിപ്പിക്കുന്നുണ്ട്. ഇത് പത്തുദിവസത്തിനകം തയ്യാറാക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ഐ.എസ്. ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി പറഞ്ഞു. നിലവാരമില്ലെങ്കില്‍ സാധനം തിരിച്ചയച്ച് പരാതിപ്പെടുന്നത് ജനങ്ങള്‍ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ഐ.എസ്. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഇ-കൊമേഴ്സ് കമ്പനികള്‍ മുഖേന സാധനങ്ങള്‍ വില്ക്കാന് ബി.ഐ.എസ്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് നിര്‍ബന്ധമാക്കും. ഈ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമാണോയെന്ന് ബി.ഐ.എസ്. സംവിധാനം വഴി ഓട്ടോമാറ്റിക്കായി പരിശോധിക്കും. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ വില്‍പ്പന വിലക്കും. ഉത്പന്നങ്ങളുടെ ബി.ഐ.എസ്. നിലവാരം കമ്പനികള്‍ വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കും. നിലവാരമില്ലാത്തതെങ്കില് ഉത്പന്നങ്ങള്‍ തിരിച്ചയക്കാന്‍ വ്യവസ്ഥയുണ്ടാകും.

