KSDLIVENEWS

Real news for everyone

കോഴിക്കോട് വിമാനത്താവള ക്രമീകരണം; എയര്‍ ഇന്ത്യ എക്സ്പ്രസ് നേരത്തേയാക്കും

SHARE THIS ON

കുവൈത്ത് സിറ്റി: കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ റീകാര്‍പറ്റിങ് പ്രവൃത്തിയുടെ ഭാഗമായി സര്‍വിസുകള്‍ പുനഃക്രമീകരിക്കുന്നതിനാല്‍ കോഴിക്കോട് കുവൈത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് സമയത്തില്‍ മാറ്റം വരും. ജനുവരി 15 മുതല്‍ ആറുമാസത്തേക്കാണ് വിമാനത്താവളത്തില്‍ ക്രമീകരണം. പകല്‍ 10 മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കും തിരിച്ചും ഈ സമയങ്ങളില്‍ കൂടുതല്‍ സര്‍വിസുകളില്ലാത്തതിനാല്‍ രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ മറ്റു സര്‍വിസുകള്‍ക്ക് പ്രയാസം സൃഷ്ടിക്കില്ല.

അതേസമയം, ആഴ്ചയില്‍ മൂന്നുദിവസം രാവിലെ 10ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന എയര്‍ഇന്ത്യ എക്സ്പ്രസിനെ ഇത് നേരിയ രീതിയില്‍ ബാധിക്കും. ഇതിനാല്‍ ഈ വിമാനം പുറപ്പെടുന്ന സമയം 9.50 ആക്കിയതായി അധികൃതര്‍ അറിയിച്ചു. ആഴ്ചയില്‍ മൂന്നു ദിവസം 9.50നും ബാക്കി ദിവസം 8.10നുമാകും വിമാനം കോഴിക്കോട്ടുനിന്ന് പുറപ്പെടുക.

അതിനിടെ, കുവൈത്തില്‍നിന്നു കോഴിക്കോട്ടേക്ക് 16ന് 11.50ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് 11.20 ന് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ അന്നേ ദിവസം രാവിലെ 8.20ന് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. വിമാനം വൈകീട്ട് 6.45 ന് കോഴിക്കോട് എത്തിച്ചേരും. ഇതേസമയം വരും ദിവസങ്ങളിലും തുടരുമോ എന്നതില്‍ വ്യക്തതയില്ല. സമയമാറ്റം സംബന്ധിച്ച്‌ 15 ഓടെ വ്യക്തമായ ചിത്രം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!