ഡ്രോണുകള്‍ അടക്കമുള്ളവ വേണം; ചൈനയോട് സൈനിക സഹായം അഭ്യര്‍ഥിച്ച് റഷ്യ

വാഷിങ്ടണ്‍: യുക്രൈനെതിരായ യുദ്ധത്തിന്റെ ചൈനയുടെ സൈനിക സഹായം അഭ്യര്‍ഥിച്ച് റഷ്യ. യുദ്ധം തുടരുന്നതിനിടെ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ളവ ചൈനയോട് റഷ്യ ആവശ്യപ്പെട്ടതായി യുഎസ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, റഷ്യയെ സഹായിക്കാന്‍ ചൈന തയ്യാറാകുമോ എന്നത് സംബന്ധിച്ച സൂചനകളൊന്നുമില്ലെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെന്‍ഗ്യു പറഞ്ഞു. അതിനേക്കുറിച്ച് അറിവില്ലെന്നാണ് സൈനിക സഹായത്തിനായുള്ള റഷ്യയുടെ അഭ്യര്‍ത്ഥന സംബന്ധിച്ച ചോദ്യത്തോട് പെന്‍ഗ്യു പ്രതികരിച്ചത്. യുക്രൈനിലെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ച പെന്‍ഗ്യു, അവര്‍ക്ക് ചൈന മാനുഷിക സഹായങ്ങള്‍ തുടരുമെന്നും പറഞ്ഞു.
യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിനായി യു.എസ്. 1535 കോടി രൂപകൂടി ചെലവിടുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. തുകയ്ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകാരം നല്‍കിയതായി വൈറ്റ് ഹൗസ് ശനിയാഴ്ച അറിയിച്ചു. ഇതടക്കം 2021 ജനുവരിമുതല്‍ യുക്രൈനുവേണ്ടി യു.എസ്. ഏകദേശം 9211 കോടി രൂപയാണ് ചെലവിട്ടത്.
ഇതിനിടെ യൂറോപ്പിലെ ഏറ്റവുംവലിയ ആണവനിലയമായ യുക്രൈനിലെ സാഫോറീസിയ റഷ്യ പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യുക്രൈന്‍ നല്‍കിയ വിവരമനുസരിച്ച് നിലയം പൂര്‍ണമായും ഏറ്റെടുത്ത് റഷ്യയുടെ റോസാറ്റം മാനേജ്‌മെന്റിനു കീഴിലാക്കാനാണ് ശ്രമമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ റഫേല്‍ മരിയാനോ പറഞ്ഞു

