KSDLIVENEWS

Real news for everyone

16 വോട്ടിന്റെ ഭൂരിപക്ഷം: റീക്കൗണ്ടിങ്ങിൽ ജയാനഗർ പിടിച്ചെടുത്ത് ബിജെപി; കോൺഗ്രസിന് നിരാശ

SHARE THIS ON

ബെംഗളൂരു: ബെംഗളൂരു അർബൻ മേഖലയിലെ ജയാനഗർ മണ്ഡലത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം വെറും 16 വോട്ടുകൾക്ക്. ബിജെപി സ്ഥാനാർഥി സി.കെ. രാമമൂർത്തിയാണ് കോൺഗ്രസിന്റെ സൗമ്യ റെഡ്ഡിയെ വളരെക്കുറഞ്ഞ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. ആദ്യം സൗമ്യം റെഡ്ഡിയെ വിജയിയായി പ്രഖ്യാപിച്ചെങ്കിലും ബിജെപിയുടെ പ്രതിഷേധത്തെത്തുടർന്ന് റീക്കൗണ്ടിങ് നടത്തുകയായിരുന്നു.

കർണാടകയിൽ 135 സീറ്റുമായി കോൺഗ്രസാണ് ഭരണം പിടിച്ചെടുത്തിരിക്കുന്നത്. ബിജെപിക്ക് 66, ജെഡിഎസിന് 19, മറ്റുള്ളവർ – 4 എന്നിങ്ങനെയാണ് കക്ഷിനില.
ശനിയാഴ്ച വൈകുന്നേരത്തോടെ മണ്ഡലത്തിലെ ഫലം പുറത്തുവന്നപ്പോൾ 160 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സൗമ്യ റെഡ്ഡി വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ സൗമ്യയ്ക്ക് എംഎൽഎ സർട്ടിഫിക്കറ്റ് നൽകുന്നതു തടഞ്ഞുവച്ചു. ബിജെപി നേതാക്കള‌ായ ആർ. അശോക്, തേജസ്വി സൂര്യ എന്നിവരായിരുന്നു റീ കൗണ്ടിങ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ റീകൗണ്ടിങ് പൂർത്തിയാകുന്നതുവരെ വോട്ടെണ്ണൽ കേന്ദ്രമായ ജയനഗർ പി.യു. കോളജിൽ തമ്പടിച്ചു. ഇതോടെ ബിജെപി പ്രവർത്തകരും കൂട്ടമായതെത്തി. ഇരു വിഭാഗവും ഏറ്റുമുട്ടാൻ സാധ്യത മുന്നിൽക്കണ്ട് പൊലീസ് സുരക്ഷാ വലയം തീർത്തു. സായുധ സേനയും നിലയുറപ്പിച്ചു. രാത്രി പതിനൊന്നേമുക്കാലോടെയാണ് റീക്കൗണ്ടിങ് പൂർത്തിയായത്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി. ജയിച്ചിരുന്നെങ്കിൽ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടേക്കാവുന്ന മുഖമായിരുന്നു അവർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!