KSDLIVENEWS

Real news for everyone

മുംബൈയിൽ പരസ്യബോർഡ് തകർന്നുവീണ് അപകടം: മരണം 14 ആയി, അറുപതിലധികം പേർക്ക് പരുക്ക്

SHARE THIS ON

മുംബൈ∙ വേനൽമഴയ്ക്കൊപ്പം ആഞ്ഞുവീശിയ പൊടിക്കാറ്റി‍ൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. അറുപതിലധികം പേർക്കു പരുക്കേറ്റു. ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്കു തകർന്നു വീണാണ് അപകടമുണ്ടായത്. ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് 67 പേരെ രക്ഷിച്ചു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകർന്ന ഹോർഡിങ്. തൂണുകളടക്കം 250 ടൺ ഭാരമുണ്ടെന്നാണ് പ്രാഥമിക വിവരം.

നിയമവിരുദ്ധമായി ബോർഡ് സ്ഥാപിച്ച പരസ്യക്കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. പടുകൂറ്റൻ ഹോർഡിങ് അപകടഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി നേരത്തെ പരാതി നൽകിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, നടപടിയുണ്ടായില്ല.

ഇന്നലെ വൈകിട്ടുണ്ടായ പൊടിക്കാറ്റിൽ മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഒരു മണിക്കൂർ തടസ്സപ്പെട്ടു. 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ലോക്കൽ, െമട്രോ ട്രെയിനുകൾ സിഗ്നൽ പ്രശ്നങ്ങളെത്തുടർന്നു വൈകിയതോടെ പതിനായിരക്കണക്കിനു പേർ വീടുകളിലെത്താതെ വലഞ്ഞു. ഈ മാസം 16 വരെ നഗരത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി എൻഡിആർഎഫ് സംഘം സ്ഥലത്തു തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ആളുകളെ രക്ഷപ്പെടുത്തുന്നതാണ് പ്രധാനമെന്നും പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!