KSDLIVENEWS

Real news for everyone

മങ്കിപോക്സ് മനുഷ്യരില്‍ നിന്ന് മുഷ്യരിലേക്ക് പകരും,പ്രത്യേക ചികില്‍സയില്ല,മരണനിരക്ക് കുറവ്,കാഴ്ചയെ ബാധിക്കാം

SHARE THIS ON

തിരുവനന്തപുരം : യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനരവസൂരി (മങ്കിപോക്‌സ്) (monkey pox)സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം (keralam)ജാഗ്രതാ (alert)നിര്‍ദേശം നല്‍കിയിരുന്നു, ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച്‌ ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.

ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയത്

എന്താണ് മങ്കിപോക്‌സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്ബാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകര്‍ച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്ബര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്ബര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്ബര്‍ക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്ബര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്ബാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങള്‍

സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്ബര്‍ക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്ബര്‍ക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്ബ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുന്‍കരുതലുകളെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!