KSDLIVENEWS

Real news for everyone

രാജസ്ഥാനിൽ വിശ്വാസം നേടി കോൺഗ്രസ്സ്. ഗെഹ്ലോട്ട് സർക്കാറിന് വിജയം

SHARE THIS ON

രാജസ്ഥാൻ: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് താല്‍ക്കാലിക ശമനം. അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍, വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു. 200 അംഗ നിയമസഭയില്‍ ‍101 പേരുടെ ഭൂരിപക്ഷമാണ് സര്‍ക്കാരിന് വേണ്ടിയിരുന്നത്. 107 എംഎല്‍എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. ബിഎസ്പി എംഎല്‍എമാരും ഗലോട്ടിന് വോട്ടു ചെയ്തു. സഭ 21 വരെ പിരിഞ്ഞു. ബിജെപി ശ്രമങ്ങളെ പരാജയപ്പെടുത്തി എന്ന് സച്ചിന്‍ പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. താനുന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കുമെന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി.കഴിഞ്ഞ ഒരു മാസത്തെ പ്രതിസന്ധിക്കൊടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആശ്വാസം. രാഷ്ട്രീയ പ്രതിസന്ധികളും റിസോര്‍ട്ട് നാടകങ്ങള്‍ക്കും ഒടുവിലാണ് അശോക് ഗെലോട്ടിന്‍റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസം നേടിയത്.
അശോക് ഗലോട്ട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ യുവ മുഖമായ സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയതോടെയാണ് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. 19 എംഎല്‍എമാരും സച്ചിനൊപ്പം പോയി. സച്ചിന്‍ പൈലറ്റിനെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ബിജെപിയും കളത്തിലിറങ്ങിയതോടെ രാജസ്ഥാനിലും റിസോര്‍ട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങി. കേസ് കോടതി കയറിയെങ്കിലും പ്രതിസന്ധികള്‍ക്കൊടുവില്‍ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി സച്ചിന്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് തന്നെ മടങ്ങി.
അശോക് ഗലോട്ടിന്‍റെ വീട്ടിലെത്തി സച്ചിന്‍ ചര്‍ച്ച നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ഭിന്നത മറന്ന് മുന്നോട്ടു പോകുമെന്ന് പിന്നാലെ ഇരുവരും അറിയിച്ചു. പിന്നീട് സച്ചിന്‍ ക്യാംപിലുണ്ടായിരുന്നവര്‍ കൂടി പങ്കെടുത്ത നിയമസഭകക്ഷി യോഗം ചേര്‍ന്നു. അശോക് ഗലോട്ടിന്‍റെ നേത്യത്വത്തില്‍ മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച നിയമസഭ കക്ഷി ബിജെപി നീക്കങ്ങളെ പരാജയപ്പെടുത്തുമെന്ന പ്രമേയം പാസാക്കി. ഒടുവില്‍ ബിജെപി നീക്കങ്ങളെ ചെറുത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസം നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!