കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം രണ്ടാഴ്ചക്കുള്ളില്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി.
കാസർഗോഡ്: കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം രണ്ടാഴ്ചക്കുള്ളില്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസറുടെ ഉറപ്പ് കിട്ടിയതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍മൂലം ജില്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അടഞ്ഞുകിടക്കുന്നതിനെ തുടര്‍ന്ന് പ്രവാസികളും, വിദേശ രാജ്യങ്ങളിലെ തൊഴിലന്വേഷകരുമായ ആളുകള്‍ ദുരിതത്തിലാണ്. പാസ്‌പോര്‍ട്ട് കാലാവധി പൂര്‍ത്തിയായവരും അത് പുതുക്കേണ്ടവരും നിരവധിയാണ്. പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിയാത്തതിനാല്‍ വിദേശത്ത് ജോലിയില്‍ തിരിച്ചു കയറാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിയവരും നിരവധിയാണ്.
എം പിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് റീജണല്‍ ഓഫീസറെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ബന്ധപ്പെടുകയും അടിയന്തരമായി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്തെ അണ്‍ലോക്ക് നടപടികള്‍ സജീവമായിട്ടും ജില്ലാ പോസ്റ്റോഫീസ് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം എന്നെന്നേക്കുമായി ജില്ലയില്‍നിന്ന് ഒഴിവാക്കപ്പെടും എന്നുള്ള ആശങ്കയും ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഇടപെടല്‍ ഫലം കണ്ടത്.
രണ്ടാഴ്ചക്കുള്ളില്‍ തന്നെ കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കുമെന്ന് കോഴിക്കോട് റീജിയണൽ പാസ്‌പോര്‍ട്ട് ഓഫീസര്‍ എംപിയെ അറിയിക്കുകയായിരുന്നു.