KSDLIVENEWS

Real news for everyone

ചുഴലിക്കാറ്റ്: കാസർഗോഡ് ജില്ലയിൽ ഇന്ന് റെഡ് അലെർട്ട് ; ജാഗ്രതാനിർദേശം

SHARE THIS ON

കാസർകോട്: ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത. രക്ഷാപ്രവർത്തനങ്ങൾക്കായി മുപ്പത് അംഗങ്ങളുള്ള ദേശീയ ദുരന്തനിവാരണസേനയെ നിയോഗിച്ചിട്ടുണ്ടെന്ന് കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

നാലുമീറ്റർവരെ തിരമാല ഉയരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ജനവാസമേഖല ഉൾപ്പെടുന്ന മൂസോടി, ചേരങ്കൈ, കാപ്പിൽ, അഴിത്തല തൈക്കടപ്പുറം തുടങ്ങിയ തീരദേശപ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ റവന്യൂ, ഫിഷറീസ്, തീരദേശ പോലീസ് എന്നിവർക്ക് കളക്ടർ നിർദേശം നൽകി.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും നിർദേശം നൽകി. നാല് താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾൾ റൂം തുറന്നിട്ടുണ്ട്. കളക്ടറേറ്റിലും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഏതു സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ പോലീസ്, ഫയർഫോഴ്സ് എന്നിവയ്ക്കും നിർദേശം നൽകി.

എമർജൻസി കിറ്റ് തയ്യാറാക്കാം

എമർജൻസി കിറ്റ് എപ്പോഴും കൈയിൽ കരുതുന്നത് അപകടസമയങ്ങളിൽ ജീവൻതന്നെ രക്ഷിച്ചേക്കാം. പ്രധാനമായും 14 സാധനങ്ങളാണ് എമർജൻസി കിറ്റിൽ കരുതേണ്ടത്.

ഒരുദിവസത്തേക്ക് ഒരാൾക്ക് ചുരുങ്ങിയത് ഒരുലിറ്റർ വെള്ളം. ബിസ്‌കറ്റ്, റസ്‌ക്, നിലക്കടല പോലുള്ള ലഘുഭക്ഷണപദാർഥങ്ങൾ.

ഫസ്റ്റ് എയ്ഡ് കിറ്റ്.

ആധാരം, ലൈസൻസ്, ആധാർ കാർഡ്, റേഷൻ കാർഡ്, സർട്ടിഫിക്കറ്റുകൾ തുടങ്ങി വിലയേറിയ രേഖകൾ, അത്യാവശ്യത്തിനുള്ള പണം.

ദുരന്തസമയത്ത് അപ്പപ്പോൾ നൽകുന്ന നിർദേശങ്ങൾ കേൾക്കാൻ ഒരു റേഡിയോ.

വ്യക്തിശുചിത്വവസ്തുക്കളായ സോപ്പ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സാനിറ്ററി പാഡ് തുടങ്ങിയവ

ഭിന്നശേഷിക്കാർ ആണെങ്കിൽ അവർ ഉപയോഗിക്കുന്ന സഹായ ഉപകരണങ്ങൾ. വെളിച്ചത്തിനായി മെഴുകുതിരിയും തീപ്പെട്ടിയും പ്രവർത്തനസജ്ജമായ ടോർച്ചും ബാറ്ററിയും.

രക്ഷാപ്രവർത്തകരെ ആകർഷിക്കുന്നതിനായി വിസിൽ.

മുന്നൊരുക്കങ്ങളിങ്ങനെ

കാസർകോട്: ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ആവശ്യമായ മുന്നൊരുക്കങ്ങൾ അനിവാര്യമാണ്. അടിയന്തരഘട്ടങ്ങളെ അതിജീവിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന മുന്നൊരുക്കങ്ങൾ

എമർജൻസി കിറ്റ് തയ്യാറാക്കി കൈയിൽ കരുതണം.

ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. കിംവദന്തികൾ പരത്താതിരിക്കുക.

കേരളതീരത്തുനിന്നുള്ള മത്സ്യബന്ധനം പൂർണമായും നിരോധിച്ചിട്ടുണ്ട്. ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കുക.

വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ കൊളുത്തിട്ട് സുരക്ഷിതമാക്കുക. വാതിലുകളും ഷട്ടറുകളും അടച്ചിടുക.

മരങ്ങൾ ഒടിഞ്ഞുവീഴാതിരിക്കാൻ കോതി ഒതുക്കുക.

വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. തീവ്ര മഴ, കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ സാഹചര്യത്തിൽ വളർത്തുമൃഗങ്ങളെ കെട്ടിയിടാതെയും കൂട്ടിൽ അടച്ചിടാതെയുമിരിക്കുക.

മൊബൈൽഫോൺ, ലാപ്ടോപ്പ്, യു.പി.എസ്., ഇൻവെർട്ടർ എന്നിവയിൽ ആവശ്യമായ ചാർജ് ഉറപ്പാക്കുക.

ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും ഒഴിവാക്കുക.

ക്യാമ്പിലേക്ക് മാറേണ്ട സാഹചര്യം വന്നാൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സർക്കാർ തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ വീടുകളിലേക്കോ എമർജൻസി കിറ്റുമായി മാറുക.

അടിയന്തര സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പറിലോ താലൂക്കുതല കൺട്രോൾ റൂമുകളുമായോ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!