KSDLIVENEWS

Real news for everyone

ജനസമ്പർക്കത്തിലൂടെ തെറ്റുകൾ തിരുത്തുമെന്ന് പിണറായി; ആർഎസ്എസ് അജണ്ടകൾക്കെതിരെ പോരാടാൻ ആഹ്വാനം

SHARE THIS ON

കോഴിക്കോട്: കേന്ദ്രത്തിലെ ബിജെപി സർക്കാർ രാജ്യത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വോട്ടവകാശത്തിന്റെ പേരിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും പാവപ്പെട്ട ദുർബല വിഭാഗങ്ങളെയും ലക്ഷ്യംവെച്ച് ദശലക്ഷക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയത് കൃത്യമായ ആർഎസ്എസ് അജണ്ടയാണെന്ന് പിണറായി പറഞ്ഞു. കോഴിക്കോട് നടന്ന സി.പി.എം. വിപുലീകൃത സംസ്ഥാന സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്രം നിഷ്കർഷിച്ച രീതിയിൽ വന്ദേമാതരം ഉൾപ്പെടുത്തിയതും ആർഎസ്എസ് ബന്ധമുള്ളവരെ വിസിമാരായി നിയമിക്കുമ്പോൾ സർക്കാർ മൗനം പാലിക്കുന്നതും ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണെന്ന് പിണറായി പറഞ്ഞു. പിഎം ശ്രീ പദ്ധതിയിലൂടെ യുഡിഎഫും ആർഎസ്എസ് അജണ്ട തന്നെയാണ് നടപ്പാക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ എൽഡിഎഫ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ട് ബോർഡ് പിരിച്ചുവിടാൻ ഹൈക്കോടതിയിൽ ആവശ്യപ്പെടുകയാണ് ചെയ്തത്. ഇത്തരം അജണ്ടകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ സിപിഎം മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇങ്ങനെയൊരു പരാജയം ഉണ്ടാകാൻ മാത്രമൊരു തെറ്റ് ഉണ്ടായിട്ടില്ല- കെ.കെ. ശൈലജ

തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ തക്കവിധമുള്ള വലിയ തെറ്റുകളൊന്നും സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കെ.കെ. ശൈലജ. കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ജനങ്ങൾക്ക് ദ്രോഹപരമായ ഒരു കാര്യവും ചെയ്തിട്ടില്ല. എങ്കിലും പ്രവർത്തന രംഗത്തും സംഘടനാപരമായും ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അത് തിരുത്തുമെന്നും ശൈലജ പറഞ്ഞു.

കോൺഗ്രസ്, മുസ്ലിം ലീഗ്, ബിജെപി, ജമാഅത്തെ ഇസ്ലാമി എന്നിവർ വ്യാജ പ്രചാരണങ്ങൾ നടത്തുകയും ഇതിനായി വൻ തുക ഉപയോഗിക്കുകയും ചെയ്തു. ഇത്തരം കള്ളപ്രചാരണങ്ങളെ കൃത്യമായി നേരിടാൻ പാർട്ടിക്ക് കഴിയാതെപോയതാണ് ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ ഇടയാക്കിയത്. തെറ്റുകൾ തിരുത്തി ജനങ്ങളെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും പൂർവാധികം  ശക്തിയോടെ പാർട്ടി മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.

error: Content is protected !!