നാടൻ മത്സ്യബന്ധന രീതികളെക്കുറിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ തംബുരുയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം/വൈക്കം: വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘തംബുരു ക്വീൻഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇവർ ശ്രദ്ധ നേടിയത്.
നാടൻ രീതികളിലുള്ള മീൻപിടിത്തവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട അനുഭവങ്ങളുമായിരുന്നു തംബുരുവിന്റെ വ്ലോഗുകളിലെ പ്രധാന ഉള്ളടക്കം. സാമൂഹിക മാധ്യമങ്ങളിലും ഇവരുടെ വീഡിയോകള്‍ക്ക് ശ്രദ്ധ ലഭിച്ചിരുന്നു. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. വിവാഹമോചിതയായ തംബുരു 13കാരിയായ മകളോടൊപ്പമാണ് പുളിഞ്ചുവട്ടിലെ വാടകവീട്ടില്‍ താമസിച്ചിരുന്നത്. മകള്‍ സ്കൂള്‍ വിട്ട് വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് വൈക്കം പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന്റെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലാകും വ്യക്തമാകുക. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. തംബുരുവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. മത്സ്യബന്ധന വീഡിയോകളിലൂടെ വേറിട്ട പ്രേക്ഷകശ്രദ്ധ നേടിയിരുന്ന തംബുരുവിന്റെ മരണം ആരാധകരിലും സുഹൃത്തുക്കളിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

