പശു കുറുകെ ചാടി; സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മദ്രസാധ്യാപകന്‍ മരിച്ചു

കുമ്പഡാജെ: പശു റോഡില്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ മദ്രസാധ്യാപകന്‍ മരിച്ചു. കുമ്പഡാജെ മൗവ്വാറിന് സമീപം മുക്കൂടിലെ മുഹമ്മദ് അലി (44) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ബദിയടുക്കയില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നാരമ്പാടി റോഡില്‍ പശു കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അലിയെ മംഗളൂരു ദേര്‍ളക്കട്ട ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. ചേരൂര്‍, ബാഡൂര്‍ തുടങ്ങിയ മദ്രസകളില്‍ സേവനം അനുഷ്ടിച്ചിരുന്നു.
ബീരാന്‍കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: ഷക്കീര്‍, സിനാന്‍. സഹോദരങ്ങള്‍: സെയ്തലവി, സത്താര്‍, സിറാജ്, ആസ്യ, ഫാത്തിമ.

