KSDLIVENEWS

Real news for everyone

കുറഞ്ഞ സമയത്തിനുള്ളില്‍ രണ്ട് വാക്‌സിനുകള്‍; ഇത് ഇന്ത്യയുടെ പ്രതിഭയുടേയും ശേഷിയുടേയും ഉദാഹരണം-പ്രധാനമന്ത്രി

SHARE THIS ON

ന്യൂഡല്‍ഹി | സാധാരഗതിയില്‍ ഒരു വാക്സിന്‍ വികസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണമെന്നിരിക്കെ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍, കൊവിഡിന് എതിരായി രണ്ട് ‘മേയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിനുകള്‍ തയ്യാറാക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യയുടെ പ്രതിഭയുടേയും ശേഷിയുടേയും ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യവ്യാപക കൊവിഡ് വാക്സിനേഷന്‍ യജ്ഞം ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന് എതിരായ മറ്റ് വാക്സിനുകളുടെ വികസിപ്പിക്കലും രാജ്യത്ത് അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാക്സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഇപ്പോള്‍ അത് ലഭ്യമായിരിക്കുന്നു. ഈ അവസരത്തില്‍ എല്ലാ പൗരന്മാരെയും താന്‍ അഭിനന്ദിക്കുന്നു.കൊറോണ വൈറസ് വാക്സിന്റെ രണ്ടു ഡോസുകളും പ്രധാനപ്പെട്ടതാണെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് ഒരു മാസത്തെ ഇടവേളയുണ്ടാകണമെന്ന് വിദഗ്ധര്‍ പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം മാസ്‌ക് മാറ്റുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ തെറ്റുകള്‍ ചെയ്യരുത്. കാരണം രണ്ടാമത്തെ ഡോസിനു ശേഷമാണ് പ്രതിരോധശേഷി രൂപപ്പെടുന്നതെന്നും മോദി പറഞ്ഞു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!