തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കിയ വിധി: സിപിഎമ്മിന് ധാര്‍മിക വിജയം,’സ്വീകരിക്കാത്ത ഏക പാര്‍ട്ടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായി തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കി കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ബാങ്കില്‍ നിന്ന് ബോണ്ടുകള്‍ വാങ്ങി ആരുമറിയാതെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന പദ്ധതി കോടതി റദ്ദാക്കിയതില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ആഘോഷിച്ചെങ്കിലും ധാര്‍മിക വിജയം അവകാശപ്പെടാനുള്ളത് സിപിഎമ്മിന് മാത്രമാണ്. ഇലക്ടറല്‍ ബോണ്ടിനെതിരെ കോടതിയില്‍പ്പോയ ഹര്‍ജിക്കാരില്‍ ഒരാള്‍ മാത്രമല്ല, ഇത്തരത്തില്‍ സംഭാവന സ്വീകരിക്കാതിരുന്ന ഏക പ്രധാന രാഷ്ട്രീയ പാര്‍ട്ടി സിപിഎം മാത്രമാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെയ്യൂരിയും പാര്‍ട്ടി പോളിറ്റ്ബ്യൂറോയും വിധിയെ സ്വാഗതം ചെയ്തു. ‘ഞങ്ങള്‍ ഈ വിധിയെ സ്വാഗതം ചെയ്യുന്നു. കേസിലെ ഒരു ഹര്‍ജിക്കാരാണ് ഞങ്ങള്‍, ഇലക്ടറല്‍ ബോണ്ടുകള്‍ക്കെതിരെ കോടതിയില്‍ വാദിച്ച ഏക രാഷ്ട്രീയ പാര്‍ട്ടി ഞങ്ങളാണ്. രാഷ്ട്രീയ അഴിമതിയുടെ നിയമസാധുതയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ നടന്നിരുന്നത്. അതിനാലാണ് ഞങ്ങള്‍ ഇത്തരത്തിലുള്ള സംഭാവന സ്വീകരിക്കാതിരുന്നത്’ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അഴിമതിക്കെതിരെ പോരാടുന്നവര്‍ എന്ന അവകാശവാദം ഉന്നയിക്കുന്ന ഒരു സര്‍ക്കാരിന്റെ പൊള്ളത്തരം തുറന്ന് കാണിക്കാന്‍ ഈ പോരാട്ടത്തിലൂടെ സാധിച്ചെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ‘രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്പനികള്‍ നല്‍കുന്ന ‘ഒരു പരിധിയുമില്ലാത്ത സംഭാവന’സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് വിരുദ്ധമാണ്. ‘ആ ഭേദഗതി അവതരിപ്പിച്ചപ്പോള്‍ ഞാനും പാര്‍ലമെന്റ് അംഗമായിരുന്നു. അന്നത്തെ ധനമന്ത്രി അന്തരിച്ച അരുണ്‍ ജെയ്റ്റ്ലിയുമായി ചൂടേറിയ വാഗ്വാദം നടത്തിയതായി ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള വഴി തുറക്കുകയാണെന്ന് അന്നേ പറഞ്ഞു’ യെച്ചൂരി പറഞ്ഞു. ചരിത്രപരമായ വിധിയെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ സുപ്രീംകോടതി ഉത്തരവിനെ വിശേഷിപ്പിച്ചത്. ‘ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കിയ സുപ്രീംകോടതിയുടെ ചരിത്ര വിധിയെ സിപിഎം പൊളിറ്റ് ബ്യൂറോ അഭിനന്ദിക്കുന്നു. ഭരണകക്ഷിക്ക് ധനസഹായം നല്‍കുന്നതിനായി അജ്ഞാതരായ കോര്‍പ്പറേറ്റ് ദാതാക്കള്‍ക്കുവേണ്ടി രൂപകല്‍പ്പന ചെയ്ത ഈ അശാസ്ത്രീയ പദ്ധതിയെ സുപ്രീംകോടതിയുടെ വിധി പൂര്‍ണ്ണമായും റദ്ദാക്കി. അഴിമതിയെ നിയമവിധേയമാക്കുന്ന ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കില്ലെന്ന് സിപിഎം തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. മറ്റ് ഹര്‍ജിക്കാര്‍ക്കൊപ്പം ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ സിപിഎം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. ഇലക്ടറല്‍ ബോണ്ടിനെതിരായ ഹര്‍ജിയില്‍ ഞങ്ങള്‍ ഉന്നയിച്ച പ്രധാന വാദങ്ങളെല്ലാം സുപ്രീംകോടതി ശരിവെച്ചതില്‍ സന്തോഷമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങ് സുതാര്യവും നിയമപരവുമാണെന്ന് ഉറപ്പുവരുത്താനും പണത്തിന്റെ സ്വാധീനത്തില്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നത് തടയാനും വേണ്ട പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്’ പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. Content Highlights: https://www.mathrubhumi.com/news/india/supreme-court-verdict-on-electoral-bonds-moral-victory-for-cpm-1.9329464#:~:text=Login,victory%20for%20CPM

