കിണർ വെള്ളത്തിൽ ഡീസൽ കലരുന്നു; പരാതി നൽകി വീട്ടുകാർ

കോളിച്ചാൽ ∙ കിണർ വെള്ളത്തിൽ സമീപത്തെ പെട്രോൾ പമ്പിലെ ഇന്ധന ടാങ്കിൽ നിന്നു ഡീസൽ കലരുന്നതായി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി. കോളിച്ചാലിലെ തൊഴുത്തുകര സൈമൺ സ്റ്റീഫൻ എന്നയാളാണ് പരാതി നൽകിയത്. കോളിച്ചാലിലെ എ.ടി ഫ്യൂവൽസ് എന്ന സ്ഥാപനത്തിന് 75 മീറ്റർ താഴെ ആയാണ് കിണർ ഉള്ളത്. ഇന്ധന ടാങ്കിലെ ചോർച്ചയാണ് കിണറിലെ വെള്ളത്തിൽ ഡീസൽ വ്യാപിക്കാൻ കാരണമായി പറയുന്നത്.
4 ദിവസമായി വെള്ളത്തിന് ഡീസലിന്റെ മണം ഉള്ളതായി വീട്ടുകാർ പറയുന്നു. സംശയം ദുരീകരിക്കാന്‍ ഇന്നലെ കിണറിലെ വെള്ളം പൂർണമായും വറ്റിച്ചിരുന്നു. തുടർന്ന് ഉറവയിൽ നിന്നും വരുന്ന വെള്ളത്തിനും ഡീസലിന്റെ അംശം കണ്ടതിനെ തുടർന്നാണ് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പരാതി നൽകിയത്. പഞ്ചായത്ത് സെക്രട്ടറി, വാർഡംഗം എന്നിവർ സ്ഥലം സന്ദർശിച്ചു.

