ഡി.കെ.ശിവകുമാറും ഡല്‍ഹിക്ക് തിരിച്ചു; കര്‍ണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: വന്‍ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ജയിച്ച കര്‍ണാടകയില്‍ മുഖ്യമന്ത്രിപദത്തെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. മുഖ്യമന്ത്രി കസേരയ്ക്കായി മുന്‍പന്തിയിലുള്ള മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ തിങ്കളാഴ്ച തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. ഡി.കെ.ശിവകുമാര്‍ തിങ്കാളാഴ്ച ഡല്‍ഹി യാത്ര റദ്ദാക്കിയത് ഊഹാപോഹങ്ങള്‍ക്കിട്ടയാക്കിയിരുന്നു. എന്നാല്‍ പനിയും വയറിന് സുഖമില്ലാത്തതും കാരണമാണ് തിങ്കളാഴ്ചത്തെ യാത്ര റദ്ദാക്കിയതെന്ന് ഡി.കെ.ശിവകുമാര്‍ തന്നെ വിശദീകരിക്കുകയുണ്ടായി. കര്‍ണാടകയില്‍ പാര്‍ട്ടി നിയോഗിച്ച നിരീക്ഷക സംഘം എംഎല്‍എമാരുടെ അഭിപ്രായങ്ങളടങ്ങിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച രാത്രിയോടെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഖാര്‍ഗെ യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി,മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് സിദ്ധരാമയ്യയേയും ഡി.കെ.ശിവകുമാറിനേയും വിളിച്ച് വരുത്തിയ ശേഷം കാര്യങ്ങള്‍ വിശദീകരിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക. ഇന്നു തന്നെ കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. സ്ഥാനങ്ങളെ ചൊല്ലി നേതാക്കള്‍ രമ്യതയില്‍ എത്താതിരുന്നാല്‍ സത്യപ്രതിജ്ഞ ശനിയാഴ്ചത്തേക്ക് നീട്ടിവെയ്ക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ തിങ്കളാഴ്ച വൈകീട്ടുചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് തീരുമാനമൊന്നുമായിരുന്നില്ല. സിദ്ധരാമയ്യ ഡല്‍ഹിയിലെത്തിയെങ്കിലും ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുപ്പിച്ചിട്ടില്ല. കര്‍ണാടകയില്‍ പാര്‍ട്ടി നിയമിച്ച നിരീക്ഷകരായ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്ദേ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കൊപ്പം ചൊവ്വാഴ്ച സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും കണ്ടേക്കും. അവിടെ അന്തിമതീരുമാനമുണ്ടാക്കാനാണ് ശ്രമം. ഇതിനിടെ ഡി.കെ.ശിവകുമാറിന്റെ സഹോദരന് ഡി.കെ. സുരേഷ് നേരത്തേ ഡല്‍ഹിയിലെത്തി മുതിര്‍ന്നനേതാക്കളുമായി സമവായചര്‍ച്ചകള്‍ നടത്തിയിരുന്നുണ്ട്. ‘ഡി.കെ.കര്‍ണാടക മുഖ്യമന്ത്രി ആയാല്‍ ഏറ്റവും സന്തോഷവാനായിരിക്കും’ എന്നാണ് ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

