ഷഹീൻബാഗ് പ്രക്ഷോഭകാരി ബി.ജെ.പിയിൽ ചേർന്നു.
ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് പ്രക്ഷോഭകാരിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷഹ്സാദ് അലി ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് അദേശ് കുമാര്‍ ഗുപ്ത, ബി.ജെ.പി നേതാവ് ശ്യാം ജാജു എന്നിവരുടെ സാന്നിധ്യത്തില്‍ ഷഹസാദ് ബി.ജെ.പി അംഗത്വം ഏറ്റുവാങ്ങി.
ബി.ജെ.പി ശത്രുവാണെന്ന സമുദായത്തിലുള്ളവരുടെ ചിന്ത തെറ്റാണെന്ന് തെളിയിക്കുന്നതിനായാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേരുന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ഒരുമിച്ചിരിക്കാം – ഷഹസാദ് അലി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.
മുസ്ലിംകളോട് വിവേചനം കാണിക്കുന്നില്ല എന്ന് മനസ്സിലായതോടെ നൂറുകണക്കിന് മുസ്ലിം സഹോദരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുകയാണ്.
അവരെ മുഖ്യധാര വികസനത്തിലേക്ക് എത്തിക്കേണ്ട ആവശ്യം നമുക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുത്തലാഖ് നിരോധനത്തിനുശേഷം ബി.ജെ.പിയില്‍ ചേര്‍ന്ന മുസ്ലിം സ്ത്രീകളെ അഭിനന്ദിക്കുന്നു -അദേശ് ഗുപ്ത പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെയാണ് ഷഹീന്‍ ബാഗ് സമരം ആരംഭിച്ചത്. സ്ത്രീകളുടെ നേതൃത്വത്തില്‍ മാസങ്ങള്‍ പിന്നിട്ട സമരം കോവിഡ് വ്യാപനത്തിനുപിന്നാലെയാണ് അവസാനിപ്പിച്ചത്.