KSDLIVENEWS

Real news for everyone

‘അവര്‍ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും, പേടിയാവുന്നു’ വിമാനത്താവളത്തില്‍ പൊട്ടിക്കരഞ്ഞ് അഫ്ഗാനി വനിത

SHARE THIS ON

ന്യൂഡൽഹി: ‘അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും. എനിക്ക് പേടിയാവുന്നു…’ കലാകലുഷിതമായ അഫ്ഗാനിൽനിന്ന് ഇന്ത്യയിലേക്ക് എത്തിയ അഫ്ഗാനി വനിത പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഡൽഹിയിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രതികരിച്ചത്.

ഞായറാഴ്ച രാത്രി കാബൂളിൽനിന്ന് ഇന്ത്യയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ 129 യാത്രക്കാരിലൊരാളാണ് ഈ സ്ത്രീ. കാബൂളിലെ സ്ഥിതിഗതികളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് അവർ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. തന്റെ രാജ്യത്തെ ലോകം ഒറ്റപ്പെടുത്തിയെന്നത് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. “അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും. ഞങ്ങളേയും കൊല്ലും. ഞങ്ങളുടെ സ്ത്രീകൾക്ക് ഇനി ഒരു അവകാശവും ആ രാജ്യത്ത് ഉണ്ടാവില്ല.” യാത്രക്കാരി കൂട്ടിച്ചേർത്തു.


കാബൂളിൽ താലിബാൻ പ്രവേശിച്ചതിനു പിന്നാലെയാണ് അഫ്ഗാനിലേക്ക് പോയ എയർ ഇന്ത്യ വിമാനം തിരിച്ചെത്തിയത്. രാജ്യത്തിന്റെ നിയന്ത്രണം ഇപ്പോൾ പൂർണമായും താലിബാനാണ്.

കാബൂളിൽ സംഘർഷങ്ങളും ആക്രമണങ്ങളും കണ്ടില്ലെന്നാണ് സോണിനി സർക്കാർ എന്ന മറ്റൊരു യാത്രക്കാരി പറഞ്ഞത്. അഫ്ഗാൻ എൻ.ജി.ഒയുടെ ഭാഗമായി പ്രവർത്തിക്കുന്ന സോണിനി ജോലിയുടെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്.


‘ഡൽഹിയിലേക്ക് വന്നത് ഒരു ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കാണ്. എനിക്ക് എന്റെ രാജ്യത്തെ ഉപേക്ഷിച്ച് പോവണമെന്നില്ല. ഞാൻ അഫ്ഗാനിലേക്ക് ഉടൻ മടങ്ങും’ എന്നായിരുന്നു എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനും അഫ്ഗാനിലെ പകിത പ്രവിശ്യയിലെ എം.പിയുമായ സയ്ദി ഹസ്സൻ പകിത്വാൾ പ്രതികരിച്ചത്.

“അഫ്ഗാനിലോ കാബൂളിലോ ഇപ്പോൾ സംഘർഷങ്ങളൊന്നും ഇല്ല. അധികാര കൈമാറ്റം സമാധാനപരമായിരുന്നു. സർക്കാരും താലിബാനും തമ്മിൽ സമാധാന കരാർ നിലനിൽക്കുന്നുണ്ട്.” പാകിസ്താനാണ് താലിബാന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നതെന്ന് മറ്റൊരു എം.പി അബ്ദുൾ ഖാദിർ സാസി പറഞ്ഞു.

അഫ്ഗാനിൽനിന്ന് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും അടങ്ങുന്ന ഇരുന്നൂറോളം പേർ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്നാണ് അഫ്ഗാൻ പ്രസിഡന്റ് ആയിരുന്ന അഷ്റഫ് ഗനിയുടെ ഉപദേശകസംഘത്തിലൊരാളായിരുന്ന റിസ്വാനുള്ള അഹമ്മദാസി പ്രതികരിച്ചത്. രാജ്യം ഇപ്പോൾ സമാധാനത്തിലാണ്. ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്ന പുതിയ താലിബാനാണ് ഇപ്പോൾ അധികാരത്തിലേറുന്നതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.


129 പേരുമായാണ് കൊണ്ട് വിമാനം ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് ഡൽഹിയിൽ മടങ്ങിയെത്തിയത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള അവസാന വിമാനമായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!