KSDLIVENEWS

Real news for everyone

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം; ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി

SHARE THIS ON

ശബരിമല: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കമായി. വൃശ്ചികം ഒന്നിന് (ചൊവ്വാഴ്ച) വെളുപ്പിന് നാല് മണിക്ക് പുതിയ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്നു. തുടർന്ന് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. ഭസ്മാഭിഷിക്തനായി യോഗനിദ്രയിലായിരുന്ന അയ്യപ്പസ്വാമിയെക്കണ്ട് മലമുകളിൽ മുഴങ്ങിയ ശരണംവിളികൾ ഇനി രണ്ടരമാസത്തോളം അലയടിക്കും.

തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മേൽശാന്തി വി.കെ. ജയരാജ് പോറ്റി, തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ നടതുറന്ന് ദീപം തെളിയിച്ചു. നടതുറന്നശേഷം മേൽശാന്തി പടിയിറങ്ങിയെത്തി താഴേതിരുമുറ്റത്തെ ആഴി ജ്വലിപ്പിച്ചു. തുടർന്ന് നിയുക്ത ശബരിമല മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരിയെയും കൈപിടിച്ച് സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു. തുടർന്ന് അവരോധച്ചടങ്ങുകളും നടന്നു.


ഡിസംബർ 26 വരെയാണ് മണ്ഡലോത്സവം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് തുറക്കും. 2022 ജനുവരി 20 വരെയാണ് മകരവിളക്ക് ഉത്സവം. ജനുവരി 19 വരെ ദർശനത്തിനുള്ള അനുമതിയുണ്ട്. തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 26-ന് നടക്കും. മകരവിളക്ക് ദിവസമായ ജനുവരി 14-ന് വൈകുന്നേരം 6.30-ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും.


വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്കെല്ലാം ചൊവ്വാഴ്ച മുതൽ ദർശനം നടത്താം. ഒരു ദിവസം 30,000 പേർക്കാണ് ദർശനം അനുവദിച്ചിട്ടുള്ളതെങ്കിലും ആദ്യ നാലു ദിവസങ്ങളിൽ ശരാശരി 8000 പേർ മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ സ്വയം യാത്ര ഒഴിവാക്കിയാൽ അവർക്ക് 18ന് ശേഷം ഒരാഴ്ച ഇതേ ടിക്കറ്റ് ഉപയോഗിച്ച് ദർശനം നടത്താൻ അവസരമുണ്ടാവും.


പമ്പയിൽ ജലനിരപ്പ് ഉയർന്നതിനാൽ സ്നാനം വ്യാഴം വരെ അനുവദിച്ചിട്ടില്ല. വ്യാഴാഴ്ച വരെ സ്പോട്ട് ബുക്കിങ്ങും ഉണ്ടാവില്ല. പമ്പയിലും സന്നിധാനത്തും തീരെ കുറച്ച് ഹോട്ടലുകൾ മാത്രമാണുള്ളത്. പമ്പയിലും സന്നിധാനത്തും നിലയ്ക്കലും ചൊവ്വാഴ്ച മുതൽ അന്നദാനം ഉണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!